പാലിയേറ്റിവ് കെയർ പ്രവർത്തനം താഴേത്തട്ടിലേക്ക് വ്യാപിക്കാൻ വയനാട് ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പദ്ധതി തയ്യാറായി. ‘സാന്ത്വനമേകാൻ അയൽക്കണ്ണികൾ’ എന്ന പേരിൽ പാലിയേറ്റിവ് വാർഡുതല നാട്ടുകൂട്ടം രൂപികരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുക.

ആദ്യഘട്ടത്തിൽ സുൽത്താൻ ബത്തേരി നഗരസഭ, കണിയാമ്പറ്റ, മീനങ്ങാടി, അമ്പലവയൽ, എടവക, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലുമാണ് പദ്ധതി ആരംഭിക്കുന്നത്. ബോധവത്ക്കരണവും പരിശീലനവും പൂർത്തിയാക്കി നവംബറിൽ പദ്ധതി പ്രവർത്തന സജ്ജമാകും.

സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു ജില്ലാ പഞ്ചായത്ത് പൈലറ്റ് പ്രൊജക്ടായി ഏറ്റെടുത്ത് സർക്കാർ സംവിധാനത്തിൽ മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ വാർഡുതല പാലിയേറ്റിവ് കെയർ സംവിധാനം ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഡയാലിസിസ് രോഗികൾക്കായി തുടങ്ങിയ ജീവനം പദ്ധതിയുടെ ഭാഗമായാണ് പാലിയേറ്റിവ് നാട്ടുകൂട്ടം പദ്ധതിയും നടപ്പാക്കുന്നത്.

ശ്രദ്ധയും പരിചരണവും കിട്ടാതെപോകുന്ന കിടപ്പുരോഗികൾക്കടക്കം ആശ്വാസമെത്തിക്കുകയാണ് ലക്ഷ്യം. വാർഡുതല ബോധവത്ക്കരണം സംഘടിപ്പിച്ച് വളണ്ടിയറാവാൻ താത്പര്യമുള്ളവരെ കണ്ടെത്തും. തുടർന്ന് രണ്ടുദിവസത്തെ പരിശീലനവും ഒരു ദിവസത്തെ കെയർ ഹോം സംവിധാനം പരിചയപ്പെടുത്തുകയും ചെയ്യും.

വാർഡുതലത്തിൽ രോഗികളുടെ വിവരങ്ങളും ശേഖരിച്ച് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും. വാർഡുതല അയൽക്കൂട്ടങ്ങൾക്ക് ഉപദേശം നൽകാൻ പഞ്ചായത്തുതല കോർഡിനേഷൻ കമ്മിറ്റികളുമുണ്ടാവും. ധന-വിഭവ സമാഹരണത്തിനു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു മികച്ച മാതൃക കണ്ടെത്തും. വാർഡു തലത്തിലെ സന്നദ്ധ പ്രവർത്തനങ്ങൾക്കു മാത്രം ജില്ലാ പഞ്ചായത്ത് 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

‘സാന്ത്വനമേകാൻ അയൽക്കണ്ണികൾ’ പാലിയേറ്റിവ് വാർഡുതല നാട്ടുകൂട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആസൂത്രണ ഭവൻ എപിജെ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിർവ്വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ. മിനി അധ്യക്ഷത വഹിച്ചു.