* പരിശീലനം പൂർത്തിയാക്കിയ ടൂറിസ്റ്റ് ഗൈഡുകൾക്ക് സർട്ടിഫിക്കറ്റും ലൈസൻസും വിതരണം ചെയ്തു
ടൂറിസം രംഗത്തെ ബ്രാൻഡ് അംബാസിഡർമാരാകാൻ സംസ്ഥാനത്തെ ടൂറിസ്റ്റ് ഗൈഡുകൾക്ക് കഴിയണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൈക്കാട് കിറ്റ്സ് ഇന്റർനാഷണൽ ടൂറിസം ട്രെയിനിംഗ് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയ സംസ്ഥാനതല, പ്രാദേശികതല ടൂറിസ്റ്റ് ഗൈഡുകൾക്ക് സർട്ടിഫിക്കറ്റും ലൈസൻസും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിനെ അറിയാനും വിനോദസഞ്ചാരികളെക്കൊണ്ട് നല്ലവാക്ക് പറയിക്കാനും ഗൈഡുമാർക്കാകണം. കേരളത്തിന്റെ ഗ്രാമങ്ങളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാനും ടൂറിസം ഉത്പന്നങ്ങൾ പരിചയപ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഗൈഡുകൾക്ക് ലൈസൻസ് നിർബന്ധമാക്കിയത്.
ടൂറിസം മേഖലകളിൽ അനധികൃത ഗൈഡുകളെ ഒരു കാരണവശാലും അനുവദിക്കില്ല. സംസ്ഥാനതലത്തിൽ വനിതാഗൈഡുകൾക്ക് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.