കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ദേവികുളം ആര്‍.ഡി.ഒ ഓഫീസില്‍ സബ് കളക്ടര്‍ ഡോ. രേണുരാജിനെ കാണാന്‍ ബാലപഞ്ചായത്തംഗങ്ങള്‍ എത്തി. ജില്ലാ ബാല പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരടങ്ങിയ കുട്ടികളുടെ സംഘമാണ് സബ് കളക്ടറെ കാണാനെത്തിയത്.

കുട്ടികളെ ജനാധിപത്യ സംവിധാനങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കുന്നതിനു കുടുംബശ്രീ വഴി രൂപം നല്‍കിയിട്ടുള്ളതാണ് ബാലസഭ. ബാലസഭകളില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബാല പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും അംഗങ്ങള്‍ ആകുന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അവരുടെ പ്രവര്‍ത്തന മേഖലയില്‍ ബാലസഭയുടെ പുരോഗതിക്കായുള്ള സാധ്യതകള്‍ ആരായുക, ബാലസഭ സംഘടന വിപുലീകരണം, മദ്യം മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണം പോഷകാഹാരത്തിന്റെ ലഭ്യത, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ  സ്‌കൂളുകളിലേക്കുള്ള യാത്രാ ബുദ്ധിമുട്ടുകള്‍, എന്നിവയെല്ലാം സബ്കളക്ടറോട് നടന്ന സംവാദത്തില്‍  വിഷയമായിരുന്നു.

കുട്ടികള്‍ക്കു  ലക്ഷ്യബോധം ഉണ്ടാക്കേണ്ടതിന്റെ  ആവശ്യകത, കൂട്ടുകുടുംബം, സ്ത്രീസുരക്ഷ-ശാക്തീകരണം,സേവനപ്രവര്‍ത്തനങ്ങള്‍, ജനാധിപത്യത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍  ഡോ. രേണു കുട്ടികളുമായി ആശയ വിനിമയം നടത്തി.
യോഗത്തില്‍ ജില്ലാ ബാല പഞ്ചായത്ത് പ്രസിഡണ്ട് നന്ദന സജി,  വൈസ് പ്രസിഡന്റ് ഹര്‍ഷദ് അലി, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ബിബിന്‍ കെ.വി, ബിജു ജോസഫ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ ശ്രീജിത്ത് എസ്, പ്രവീണ്‍ സി.വി തുടങ്ങിയവര്‍ പങ്കെടുത്തു.