രസീതു വേണ്ട, ക്യൂ നില്ക്കേണ്ട, നിശ്ചിത ഫീസ് മാത്രം മതി. ജീവിതശൈലി രോഗനിര്‍ണയം ഇനി  ഓഫീസിലും വേണമെങ്കില്‍ വീട്ടിലും. പൈനാവില്‍ കളക്ട്രേറ്റ് പോലും ഈ സംവിധാനം  റെഡിയാണ്.
സാന്ത്വനം വോളന്റിയറായ മരിയാപുരം സ്വദേശി കെ.ആര്‍ സുനിതയാണ് കളക്ട്രേറ്റില്‍  ഹെല്‍പ് ഡെസ്‌ക് തുടങ്ങിയിരിക്കുന്നത്. അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങളാണ് ഇവിടെ പരിശോധനവിധേയമാക്കുന്നത്.

കളക്ട്രേറ്റിലെ ജീവനക്കാര്‍ക്കായി ഓഫീസുകള്‍ സന്ദര്‍ശിച്ച് രോഗനിര്‍ണയം നടത്തുന്നുണ്ട്. അതോടൊപ്പം വിവിധ ആവശ്യങ്ങള്‍ക്കായി കളക്ട്രേറ്റില്‍ എത്തുന്നവര്‍ക്ക് സാന്ത്വനം വോളന്റിയറുടെ സേവനം  ഉപകാരപ്രദമാണ്.  ആവശ്യമെങ്കില്‍ വീടുകളിലും സേവനത്തിനു തയാറാണെന്നു സുനിത പറയുന്നു.

ഇടുക്കി ജില്ലയില്‍ കുടുംബശ്രീയുടെ കീഴില്‍ 23 ളം പ്രവര്‍ത്തകര്‍ സാന്ത്വനം വോളണ്ടിയര്‍മാരായിട്ടുണ്ട്. രക്തസമ്മര്‍ദ്ദത്തിന് 20, പ്രമേഹത്തിന് 30, കൊളസ്ട്രോളിന് 70 എന്നിങ്ങനെയാണ് പരിശോധനാ ഫീസ് . ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന എന്‍.ജി.ഒ യുമായി സഹകരിച്ച് ജില്ലയില്‍  ഈ വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.
2005 ലാണ് പദ്ധതി സംസ്ഥാനത്തും ജില്ലയിലും ആരംഭിക്കുന്നത്.

കേരളത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമെന്ന നിലയില്‍ സാധാരണക്കാരന് ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്താനും നിരന്തരമായി പരിശോധിക്കാനുമുള്ള സൗകര്യത്തിന്റെ അപര്യാപ്തതയില്‍ നിന്നാണ് സാന്ത്വനം വോളന്റിയേഴ്സ് എന്ന ആശയം ഉടലെടുക്കുന്നത്.

ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ (ഹാപ്) എന്ന എന്‍.ജി.ഒയുമായി സഹകരിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളം ഈ വോളന്റിയര്‍മാരുടെ സേവനം എത്തിക്കാനും മിഷന്‍ തീരുമാനിക്കുകയായിരുന്നു.

നിശ്ചിത തുക ഈടാക്കിയുള്ള ഈ സേവനം നല്‍കുന്നവര്‍ക്കും ഒരു ഉപജീവന മാര്‍ഗ്ഗം കൂടിയാണ്  സാന്ത്വനം പദ്ധതി. സൂക്ഷ്മ സംരംഭക യൂണിറ്റുകളാക്കി ഓരോ സാന്ത്വനം വോളന്റിയേഴ്സിനെയും മാറ്റി കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭക വിഭാഗത്തിന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.