കാക്കനാട്: രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാൻ കേരളത്തിന് സാധിക്കണമെന്ന് തൊഴിൽവകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ നിർദ്ദേശിച്ചു. . സിവിൽസ്റ്റേഷൻ പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ ചേർന്ന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളെ അപേക്ഷിച്ച് തൊഴിൽ വകുപ്പിന്റെ പ്രവർത്തനത്തിൽപുരോഗതി ഉണ്ടെങ്കിലും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. എല്ലാ അസിസ്റ്റൻറ് ലേബർ ഓഫീസർമാരും ഒരേ നിലവാരത്തിൽ പ്രവർത്തിക്കണം. ഇവരെ സഹായിക്കുവാൻ ജില്ലാ ലേബർ ഓഫീസർമാർ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ തൊഴിലാളികൾക്കും തൊഴിൽ നിയമം അനുശാസിക്കുന്ന എല്ലാ സുരക്ഷയും ലഭ്യമാക്കുക എന്നതാണ് സർക്കാർ നയം. വിവിധ തൊഴിൽ തർക്കങ്ങളിൽ 80 ശതമാനവും ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് പറഞ്ഞ മന്ത്രി മധ്യസ്ഥ ചർച്ചകളിൽ കൂടുതൽ പുരോഗതി നേടണമെന്നും നിർദ്ദേശിച്ചു. ട്രേഡ് യൂണിയനുകളുടെയും തൊഴിലാളികളുടെയും കത്തുകൾ ഗൗരവമായി കണ്ടു നടപടി സ്വീകരിക്കണം.
നിയമങ്ങൾ നടപ്പാക്കുമ്പോൾ കൃത്യത പാലിക്കണമെന്ന് നിർദ്ദേശിച്ച മന്ത്രി, തൊഴിലാളികളിൽ നിന്നുള്ള തെറ്റായ പ്രവണതകളിൽ വിട്ടുവീഴ്ച പാടില്ലെന്നും കൂട്ടിച്ചേർത്തു. നിയമം ഉടമയ്ക്കും തൊഴിലാളിക്കും ഒരുപോലെ ബാധകമാണ്. ചെയ്യാത്ത ജോലിക്ക് കൂലി എന്നത് അംഗീകരിക്കാൻ സാധിക്കില്ല. തൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന, കൂടുതൽ നിക്ഷേപം കേരളത്തിൽ വരണമെന്നുള്ള കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്.
അസിസ്റ്റന്റ് ലേബർ ഓഫീസർമാർ അവരുടെ പരിധിയിലുള്ള സ്ഥാപനങ്ങൾ വിവിധ തൊഴിൽ നിയമങ്ങളനുസരിച്ച് രജിസ്റ്റർ ചെയ്യുന്നത് ഉറപ്പാക്കണം. സമയപരിധി നിശ്ചയിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം.സംസ്ഥാനത്തെ എല്ലാ ടാക്സി, ഗുഡ്സ് വാഹനങ്ങൾ അടക്കമുള്ളവയും മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി നിയമമനുസരിച്ച് രജിസ്ടർ ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു
മേലുദ്യോഗസ്ഥർ അവരുടെ പരിധിയിൽ എത്ര പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നു എന്നത് പരിശോധിക്കണം.
തൊഴിൽ നിയമങ്ങൾ അനുസരിച്ചുള്ള കേസുകൾ എടുക്കാത്തത് സർക്കാർ ഗൗരവമായി കാണുന്നതായി മന്ത്രി പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ എല്ലാ ജീവനക്കാരും സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കണം. സംസ്ഥാന പുനർനിർമ്മാണത്തിന് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വയ്ക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെത്തുന്ന അതിഥി സംസ്ഥാന തൊഴിലാളികളെ കണ്ടെത്തി ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള പൂർണ്ണ ചുമതല തൊഴിൽ വകുപ്പിന് മാത്രമാണെന്ന് വ്യക്തമാക്കിയ മന്ത്രി കാലപരിധി നിശ്ചയിച്ച് ആവാസ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണമെന്ന് നിർദ്ദേശിച്ചു. അതിഥി തൊഴിലാളികൾക്ക് പ്രതിവർഷം 15000 രൂപവരെയുള്ള ചികിത്സാചെലവും മരണപ്പെട്ടാൽ രണ്ട് ലക്ഷം രൂപ ലൈഫ് ഇൻഷുറൻസും നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതിയായ ആവാസിൽ ഇതുവരെ സംസ്ഥാനത്ത് 3,91,901 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓണം സീസണിൽ ഉടലെടുക്കുന്ന ബോണസ് തർക്കങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയണം. പ്രായോഗിക തീരുമാനങ്ങൾ കൈക്കൊണ്ട് തർക്കമില്ലാതെ മുന്നോട്ടു പോകുവാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ രജിസ്ട്രേഷനും നിലവിലുള്ള രജിസ്ട്രേഷൻ പുതുക്കലും ഊർജിതമായി നടപ്പിലാക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അവലോകനയോഗത്തിൽ ലേബർ കമ്മീഷ്ണർ സി.വി. സജൻ, അഡീഷണൽ ലേബർ കമ്മീഷ്ണർമാരായ ബിച്ചു ബാലൻ, രഞ്ജിത്ത് മനോഹർ, തുളസീദരൻ, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. എം ഫിറോസ്, വിവിധ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.