മുട്ടം പഞ്ചായത്ത്, ദേശീയ ആയുഷ് മിഷന്‍, ജില്ല ഭാരതീയ ചികിത്സ വകുപ്പ്, മുട്ടം പഞ്ചായത്ത് എന്നിവ സംയുക്തമായി നടത്തിവരുന്ന ആയുഷ്ഗ്രാം പദ്ധതിയോടനുബന്ധിച്ച് മുട്ടം  പഞ്ചായത്തിനെ സമ്പൂര്‍ണ കറിവേപ്പ് ഗ്രാമമാക്കി മാറ്റുന്നു.

മുട്ടം സി ഡി എസ് ഹാളില്‍ നടന്ന പരിപാടി മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിന്‍സി സുനീഷ് അധ്യക്ഷ ആയിരുന്നു. ആയുഷ്ഗ്രാം നോഡല്‍ ഓഫീസര്‍ ജില്‍സണ്‍ ജോര്‍ജ് വിഷയാവതരണം നടത്തി.

മുട്ടം പഞ്ചായത്തിലെ ഓരോ വീട്ടിലും അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുക വഴി വിഷരഹിത പച്ചക്കറികളുടെ ഉപഭോഗവും ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കുന്ന ഒരു പുതിയ തലമുറയെ വളര്‍ത്തി എടുക്കാനും സമ്പൂര്‍ണ കറിവേപ്പുഗ്രാമം പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും കറിവേപ്പിന്‍ തൈ നട്ടുപിടിപ്പിക്കും. ആദ്യഘട്ടം പഞ്ചായത്തിലെ തിരഞ്ഞെടുത്ത 150 വീടുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇവര്‍ക്ക് തൈകള്‍ വിതരണം ചെയ്യുന്നതിനൊപ്പം പരിപാലനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും വളവും മറ്റു സാമഗ്രികളും നല്‍കും.

പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഉദ്ഘാടനത്തിനോടനുബന്ധിച്ച് കറിവേപ്പ് തൈ വിതരണം ചെയ്തു. ആയുഷ്ഗ്രാം സ്‌പെഷ്യലിസ്‌റ് മെഡിക്കല്‍ ഓഫീസര്‍ രഹന സിദ്ധാര്‍ത്ഥന്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈജ ജോമോന്‍, ഏലിയാമ്മ ജോണ്‍സന്‍, സുനീഷ് കെ. പി, ജോസ് ചുവപ്പുങ്കല്‍, കെ എ സന്തോഷ്, മുട്ടം കൃഷി ഓഫീസര്‍ സുജിതമോള്‍, മുട്ടം ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ ആന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.