കൊച്ചി: തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ചാടിപ്പോയ പ്രതിയെ സാഹസികമായി പിടികൂടിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. പിടികൂടുന്നതിനിടെ പ്രതിയുടെ പിസ്റ്റളില്‍ നിന്ന് വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഉദ്യോഗസ്ഥന്റെ ചികിത്സയ്ക്ക് എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ 23 നാണ് ഹാഷിഷ് ഓയില്‍ കൈവശം വെച്ചതിന് തിരുവനന്തപുരം എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജോര്‍ജുകുട്ടി എന്നയാളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനായി കര്‍ണ്ണാടകയിലേക്ക് പോകും വഴി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇയാള്‍ രക്ഷപെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കര്‍ണ്ണാടകയില്‍ നിന്ന് മലപ്പുറത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് എത്തിയതായി കണ്ടെത്തി.
29ന് രാത്രി നിലമ്പൂര്‍ കാളികാവില്‍ നിന്ന് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ കൊണ്ട് വെടിയുതിര്‍ക്കുകയും റേഞ്ച് ഇന്‍സ്‌പെക്ടര്‍ മനോജിന് പരിക്കേല്‍ക്കുകയും ചെയ്തു. നിയമവിരുദ്ധ ലഹരി പദാര്‍ഥങ്ങള്‍ പിടികൂടുന്നതിനും അനധികൃത ലഹരി ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
എക്‌സൈസിന്റെ മൂന്ന് സ്‌ക്വാഡുകളും ഒരു സ്‌പെഷ്യല്‍ സ്‌ക്വാഡുമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. കര്‍ണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലുള്ള ശൃംഖലയാണ് സംസ്ഥാനത്തെ ലഹരി കടത്തിനു പിന്നില്‍. ഇത്തരം അനധികൃത ലഹരി മരുന്നുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികളും എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.