കിടക്കകളുടെ എണ്ണം 100 ആക്കും
കൊച്ചി: എറണാകുളം നോര്‍ത്തില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ 65 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഇത് 100 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇഎസ്‌ഐ കോര്‍പ്പറേഷന്റെ അനുമതി ലഭിച്ചാലുടന്‍ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങും. രോഗികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും. ഒരു വര്‍ഷത്തിനകം സ്ഥലപരിമിതി പരിഹരിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടി സ്വീകരിക്കും.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് പച്ചക്കറികൃഷി ആശുപത്രി വളപ്പില്‍ തന്നെ ആരംഭിക്കും. ജീവനക്കാര്‍ക്ക് നല്ല നിലയില്‍ ജോലി ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
രോഗികളോട് അദ്ദേഹം ചികിത്സയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ചികിത്സയും മരുന്നും കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് വാര്‍ഡില്‍ കഴിയുന്ന രോഗികളോടും ഡോക്ടറെ കാണാനെത്തിയവരോടും മന്ത്രി തിരക്കി.
ആശുപത്രിയിലെ സൗകര്യങ്ങളും മന്ത്രി നേരിട്ട് വിലയിരുത്തി. രോഗികള്‍ക്ക് ചായ പേപ്പര്‍ ഗ്ലാസില്‍ നല്‍കുന്നത് മാറ്റി സ്റ്റീല്‍ ഗ്ലാസില്‍ നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇഎസ്‌ഐ റീജ്യണല്‍ ബോര്‍ഡ് യോഗത്തിലും കോര്‍പ്പറേഷനു കീഴിലുള്ള ജില്ലയിലെ ആശുപത്രികളുടെയും ഡിസ്‌പെന്‍സറികളുടെയും പ്രവര്‍ത്തനം സംബന്ധിച്ച അവലോകന യോഗത്തിലും പങ്കെടുക്കുന്നതിനായാണ് മന്ത്രി എത്തിയത്.
ഇഎസ്‌ഐസി ഡയറക്ടര്‍ ഡോ. അജിത നായര്‍, സൂപ്രണ്ട് ഡോ. ചന്ദ്രമതി എന്നിവരും മന്ത്രിക്കൊപ്പം രോഗികളെ സന്ദര്‍ശിച്ചു.