* ക്ഷയരോഗ നിര്‍മാര്‍ജന പരിപാടി: ഭവനസന്ദര്‍ശനം തുടങ്ങി
ക്ഷയരോഗവിമുക്ത കേരളം ലക്ഷ്യമിട്ടുള്ള സംസ്ഥാന ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി വിവരശേഖരണത്തിനുള്ള ഭവനസന്ദര്‍ശനത്തിന് തുടക്കമായി. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചറുടെ ഔദ്യോഗിക വസതിയിലെത്തി ആശാവര്‍ക്കര്‍മാരും ആരോഗ്യപ്രവര്‍ത്തകരും കുടുംബത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചാണ് സംസ്ഥാനതലത്തില്‍ പദ്ധതി ആരംഭിച്ചത്.
2020 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ വിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ക്ഷയരോഗം കണ്ടെത്തിയവര്‍ക്ക് ആധുനിക ചികില്‍സ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കേരളത്തിലെ എല്ലാ വീടുകളിലും ആശാ വര്‍ക്കര്‍മാര്‍ സന്ദര്‍ശിച്ചാണ് കുടുംബാംഗങ്ങളുടെ രോഗവിവരങ്ങള്‍ ശേഖരിക്കുന്നത്. ഇവയില്‍ നിന്ന് ക്ഷയരോഗ സാധ്യതയുള്ള വ്യക്തികളെ കണ്ടെത്തിയാല്‍ ചികില്‍സയ്ക്കുള്ള അവസരമൊരുക്കും.
ഇത്തരത്തില്‍ രോഗനിര്‍മാര്‍ജനത്തിനായുള്ള വിപുലമായ കാമ്പയിന്‍ നടക്കുമ്പോള്‍ ജനങ്ങളുടെ സഹകരണം പൂര്‍ണതോതില്‍ ലഭ്യമാക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. കൃത്യമായ വിവരങ്ങള്‍ നല്‍കി അതുവഴി രോഗപ്രതിരോധവും ചികില്‍സയും ഉറപ്പാക്കുന്നത് ക്ഷയരോഗനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കും. ലോകാരോഗ്യസംഘടനയുടെ സഹകരണവും പദ്ധതിയ്ക്കുണ്ട്. ഇതിനുപുറമേ, പകര്‍ച്ചവ്യാധി വ്യാപനത്തിന് സംസ്ഥാനമാകെ ആരോഗ്യജാഗ്രത ജനകീയ കാമ്പയിന്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വേളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള ലീലാകുമാരി, ഹേമലത എന്നീ ആശാവര്‍ക്കര്‍മാരാണ് ആരോഗ്യമന്ത്രിയുടെ കുടുംബത്തിലെ വിവരശേഖരം നടത്തിയത്.
ചടങ്ങില്‍ ലോകാരോഗ്യ സംഘടന ഡോ. ഷിബു ബാലകൃഷ്ണന്‍, ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. പി. രാജു, സംസ്ഥാന ടി.ബി ഓഫീസര്‍ ഡോ.എം. സുനില്‍കുമാര്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സിന്ധു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആരോഗ്യപ്രവര്‍ത്തകര്‍ കേരളത്തിലെ ഓരോ കുടുംബത്തിലുമെത്തി ക്ഷയരോഗത്തെപ്പറ്റി അവബോധം നല്‍കുകയും ക്ഷയരോഗത്തിന് വിദൂര സാധ്യതയുള്ളവര്‍ക്ക് പോലും സംശയനിവാരണത്തിന് സൗജന്യ പരിശോധനകള്‍ ലഭ്യമാക്കുകയും ചെയ്യും.
ക്ഷയരോഗ ലക്ഷണാരംഭത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുകയും ചികിത്‌സ ആരംഭിക്കുകയും ചെയ്താല്‍ രോഗവിമുക്തിയും രോഗപകര്‍ച്ച തടയലും സാധ്യമാകും. കഫ പരിശോധന, എക്‌സ് റേ, സി.ബി.എന്‍.എ.എ.ടി പരിശോധന ഇവയിലൂടെ കുറഞ്ഞ സമയത്തില്‍ രോഗബാധ സ്ഥിരികരിക്കാം.
പൂര്‍ണമായും ഭേദമാക്കാവുന്ന ക്ഷയരോഗത്തിന് ചികിത്‌സ സൗജന്യവുമാണ്. നിശ്ചിത കാലയളവില്‍ കൃത്യമായി മരുന്ന് കഴിച്ചാല്‍ രോഗം ഇല്ലാതാക്കാം. അന്താരാഷ്ട്ര നിലവാരമുള്ള മരുന്ന് ലഭ്യത സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകളില്‍ വരെയും സ്വകാര്യ ആശുപത്രികളിലും സൗജന്യമായി ഉറപ്പാക്കിയിട്ടുണ്ട്.