സംസ്ഥാനത്തെ കാർഷികരംഗം മെച്ചപ്പെടുത്തുന്നതിനും കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് മികച്ച പരിശീലനം നൽകുന്നതിനുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ് രൂപീകരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. തിരുവനന്തപുരം സമേതിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയിലെ മങ്കൊമ്പിലായിരിക്കും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം. തൃശൂരിലും ഇടുക്കിയിലും റീജിയണൽ സെന്ററും രൂപീകരിക്കും. കേരളം അഗ്രോ ഇക്കോളജി മേഖലയിൽ വികസനം നേടേണ്ടതുണ്ട്. ഈ മേഖലയിലെ അനന്തമായ ഗവേഷണ സാധ്യത പ്രയോജനപ്പെടുത്താനാകണമെന്നും മന്ത്രി പറഞ്ഞു.
കീടരോഗബാധയാണ് കാർഷിക രംഗം നേരിടുന്ന പ്രധാന വെല്ലുവിളി. രാസകീടനാശിനികളുടെ ഉപയോഗം വൻതോതിൽ കുറയ്ക്കാനായി.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റിലൂടെ ഈ രംഗത്ത് പുതിയ പരിഹാരമാർഗങ്ങൾ കാണാനാകും. കൂമ്പുചീയൽ പോലുള്ള തെങ്ങിനെ ബാധിക്കുന്ന രോഗങ്ങൾക്ക്  ഫലപ്രദമായ പ്രതിവിധികൾ കണ്ടെത്താനാകണം. കീടനിയന്ത്രണ മേഖലയിൽ ശാസ്ത്രീയമായ പരിഹാരം കാണാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

2013 മുതൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കായി ആരംഭിച്ച കോഴ്‌സിലൂടെ 89 പേർ പരീശീലനം നേടി. കൃഷി വകുപ്പിലെ മുഴുവൻ ഉദ്യോഗസ്ഥരും ഇത്തരത്തിൽ പരിശീലനം നേടിയെടുക്കണം. പരിശീലനം നേടിയ ഉദ്യോഗസ്ഥർക്കൊപ്പം ജനകീയ പങ്കാളിത്തം കൂടിയാകുമ്പോൾ കേരളത്തിന്റെ കാർഷിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

കോഴ്‌സിൽ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ ഉദ്യോഗസ്ഥരേയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഉദ്യോഗസ്ഥർക്കുള്ള സർട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. സ്റ്റേറ്റ് അഗ്രികൾച്ചറൽ മാനേജ്‌മെന്റ് ആന്റ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും (സമേതി) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റും (നിഫം) സംയുക്തമായാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കായി കോഴ്‌സ് സംഘടിപ്പിക്കുന്നത്.

അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിംഗ്, കൃഷി വകുപ്പ് ഡയറക്ടർ ഡോ.രത്തൻ യു. ഖേൽക്കർ, എൻ.ഐ.പി.എച്ച്.എം  ഡയറക്ടർ ജനറൽ ജി. ജയലക്ഷ്മി, ഡയറക്ടർ ഡോ. ജി.രവി, സമേതി ഡയറക്ടർ ഫസീല ബീഗം. എസ്, ഡോ.പി. രാജശേഖരൻ, ഡോ.സികെ പീതാംബരൻ, ഡോ.സി. ഭാസ്‌കരൻ, ഡോ.ശക്തിവേൽ, സ്‌കന്ദകുമാർ തുടങ്ങിയവർ സംബന്ധിച്ചു.