പാലക്കാട്: ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് കാര്‍ഷികാവശ്യത്തിനുള്ള പമ്പ്സെറ്റുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാം. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പി.എം കുസും(പ്രധാന്‍ മന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷ ഏവം ഉത്തം മഹാഭിയാന്‍) പദ്ധതി പ്രകാരമാണ് പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 30 ശതമാനം വീതവും ഗുണഭോക്താവ് 40 ശതമാനവുമാണ് പദ്ധതിക്കായി വഹിക്കേണ്ടത്.

അഞ്ച് എച്ച്.പി മുതല്‍ പത്ത് എച്ച്.പി വരെയുള്ള പമ്പുകള്‍ ഇതിനായി ഉപയോഗിക്കാം. ഒരു കിലോവാട്ടിന് ഗുണഭോക്തൃ വിഹിതമായി ഏകദേശം 32000 രൂപയാണ് നല്‍കേണ്ടി വരിക. സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് 1 എച്ച്.പി ക്ക് 10 സ്‌ക്വയര്‍ മീറ്റര്‍ എന്ന കണക്കില്‍ ഷേഡ് ഇല്ലാത്ത റൂഫ് ഏരിയയോ തുറസ്സായ സ്ഥലമോ ഉണ്ടായിരിക്കണം. ഇന്ധന ക്ഷമത കുറവായതിനാല്‍ കംപ്രസ്സര്‍ പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് പരിഗണിക്കില്ല.

ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ താല്‍പര്യമുള്ള കര്‍ഷകര്‍ അനെര്‍ട്ടിന്റെ പാലക്കാട് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചു നല്‍കണം. ഫോണ്‍-0491 2504182, 9188119409.