പാലക്കാട്: മലിനീകരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങളും ശിക്ഷകളും സംബന്ധിച്ച് പൊതു ജനങ്ങളെ ബോധവത്ക്കരിക്കുക ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് മാസത്തില്‍ ഹരിത നിയമാവലി ക്യാമ്പയിന്‍  ആരംഭിക്കുന്നു.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് തലംവരെ  എത്തിക്കാന്‍ ലക്ഷ്യമിടുന്ന ക്യാമ്പയ്നില്‍ സംസ്ഥാന തലത്തില്‍ 20 ലക്ഷത്തോളം പേരെയാണ് പരിശീലിപ്പിക്കുന്നത്

.  മലിനീകരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിച്ച് മലിനീകരണം ഇല്ലാതാക്കുകയാണ്  ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് രണ്ടിന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട,് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്ത് സെക്രട്ടറി പ്രസിഡണ്ടുമാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും.

ഓഗസ്റ്റ് മൂന്നിന് മലമ്പുഴ, ചിറ്റൂര്‍, കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട,് സെക്രട്ടറിമാര്‍ എന്നിവര്‍ക്കു പരിശീലനം നല്‍കും.
ആഗസ്റ്റ് അഞ്ച്, ആറ് തിയ്യതികളില്‍ തൃത്താല, പട്ടാമ്പി , ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്കും  ആഗസ്റ്റ് ഏഴ്, എട്ട് തിയതികളില്‍ മലമ്പുഴ, ചിറ്റൂര്‍, കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കും.

കൂടാതെ ആഗസ്റ്റ് 12 മുതല്‍ 17 വരെ ജില്ലയിലെ 88 ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി 1040 സന്നദ്ധ സാമൂഹിക പ്രവര്‍ത്തകര്‍ക്കായി 13 ബ്ലോക്ക് പഞ്ചായത്തുകളിലും ഓഗസ്റ്റ് 19 മുതല്‍ 20 വരെ എല്ലാ വ്യാപാരികളെയും വ്യവസായികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും പരിശീലനം നടക്കും.

ഓഗസ്റ്റ് 26 മുതല്‍ 31 വരെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലും ഓരോ വാര്‍ഡില്‍ നിന്ന് 100 പേര്‍ക്ക് വിധം ഹരിത നിയമ ബോധവല്‍ക്കരണം സംഘടിപ്പിക്കും. ഒക്ടോബര്‍  രണ്ടിന് മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം-ഹരിത നിയമങ്ങള്‍ നടപ്പിലാക്കല്‍ പ്രഖ്യാപനം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടത്തും.