മൂവാറ്റുപുഴ: മഹിളാ കിസാൻ സ്വ ശാക്തീകരൺ പരിയോജന (എം.കെ.എസ്.പി) യുടെ നെൽകൃഷിക്ക് മൂവാറ്റുപുഴയിൽ തുടക്കമായി. സ്ത്രീ കൂട്ടായ്മയിലൂടെ നെൽകൃഷി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ആവോലി പഞ്ചായത്തിലെ കണ്ണമ്പുഴ പാടശേഖരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസിജോളി വട്ടക്കുഴി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.കെ.എസ്. പി സി.ഇ.ഒ ഡോ: സനൽകുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാരായ ജോർഡി.എൻ.വർഗീസ്, എൻ.ജെ.ജോർജ്, ലീല ബാബു, ലത ശിവൻ, വള്ളമറ്റം കുഞ്ഞ്, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൾക്കീസ് റഷീദ്, ബ്ലോക്ക് പഞ്ചായത്തംഗം മേരി ബേബി, ജോ: ബി.ഡി.ഒ വി.വി. റഹീമ, എം.കെ.എസ്.പി. ഈസ്റ്റ് ഫെഡറേഷൻ സി.ഇ.ഒ പി.എ. മുഹമ്മദ് സലീം തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി ആവോലി പഞ്ചായത്തിലെ ഒരേക്കർ വരുന്ന കണ്ണമ്പുഴ പാടശേഖരത്തിലാണ് നെൽകൃഷിയിറക്കിയത്. എം.കെ.എസ്.പി യുടെ പ്രത്യേക പരിശീലനം ലഭിച്ച ഏഴംഗ സംഘമാണ് ഇവിടെ കൃഷിക്ക് നേതൃത്വം വഹിക്കുന്നത്. ഇവർക്കാവശ്യമായ വിത്ത്, വളം, നടീൽ യ ന്ത്രം, കൊയ്ത്ത് യന്ത്രം തുടങ്ങി എല്ലാ കാര്യങ്ങളും പദ്ധതിയിൽ നിന്ന് ലഭ്യമാക്കും.
നാൽപത് തൊഴിൽ ദിനങ്ങൾ തൊഴിലെടുത്ത തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്ന് തെരഞ്ഞെടുത്ത 35 പേർക്ക് ഇതിനായി ഗ്രീൻ ആർമി വടക്കാഞ്ചേരിയിൽ വച്ച് പ്രത്യേക പരിശീലനവും നൽകി. എം.കെ.എസ്.പി. എറണാകുളം ഈസ്റ്റ് ഫെഡറേഷന് കീഴിൽ വരുന്ന 9 ബ്ലോക്ക് പഞ്ചായത്തുകളിലേക്കാണ് ഈ പരിശീലനം ലഭിച്ചവരുടെ പ്രവർത്തനം.
ഏഴ് പേരsങ്ങുന്ന അഞ്ച് ഗ്രൂപ്പായി ഇവരെ തിരിച്ചിട്ടുമുണ്ട്. ആവോലിയിലെ ഒരേക്കറിന് പുറമേ ഒക്കൽ പഞ്ചായത്തിൽ ഒരേക്കറും മഴുവന്നൂർ, കൂവപ്പടി പഞ്ചായത്തുകളിൽ ഒന്നരയേക്കർ വീതവും നെൽകൃഷിയിറക്കുന്നുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതിയായ എം.കെ.എസ്.പി സംസ്ഥാനത്ത് ഗ്രാമവികസന വകുപ്പാണ് നടപ്പാക്കുന്നത്.