അങ്കമാലി: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളില്‍ സുരക്ഷിതത്വ സംസ്‌ക്കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സിന്റെ സുരക്ഷാ രഥം ഉപയോഗിച്ചുള്ള ബോധവത്ക്കരണ ക്ലാസുകളുടെ ഉദ്ഘാടനം തൊഴിൽ മന്ത്രി നിർവഹിച്ചു. പുളിയനം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങിൽ റോജി.എം.ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.

സ്‌പൈസസ് ഒലിയോറസിന്‍ നിര്‍മാതാക്കളായ അങ്കമാലി കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സ് ലിമിറ്റഡിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സുരക്ഷിതത്വ ബോധവത്ക്കരണ ക്ലാസുകള്‍ക്ക് തുടക്കം കുറിക്കുന്നത്. അപകടകരമായ സാഹചര്യങ്ങള്‍ സമചിത്തതയോടെ നേരിടുന്നതിനും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും അപകടം നേരിടുന്നവര്‍ക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ നല്‍കുന്നതിനും രാസ വസ്തുക്കളും അവയുടെ അപകടകരമായ സ്വഭാവവും അപകട സാധ്യതകളും മനസിലാക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും മികച്ച നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരിശീലനം നല്‍കാന്‍ ആരംഭിക്കുന്നതിന് തുടക്കം കുറിക്കുന്നത്.

ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.വൈ.ടോമി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീനാ രാജന്‍, ബോക്ക് പഞ്ചായത്തംഗം സി.എസ്.രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം സന്ധ്യാ സുകുമാരന്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ എസ്.മണി, കാന്‍കോര്‍ ഇന്‍ഡസ്ട്രീസ് വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, പുളിയനം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എം.റിയാമോള്‍
കാന്‍കോര്‍ ഇന്‍ഡസ്ട്രീസ് സിഇഓ ജീമോന്‍ കോര കോ-ഓര്‍ഡിനേറ്റര്‍ ബി.സിയാദ് ആശംസകളര്‍പ്പിച്ചു.

സുരക്ഷാരഥം എന്ന മൊബൈല്‍ സേഫ്റ്റി ട്രെയിനിംഗ് വെഹിക്കിള്‍ 2011-ല്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡ് അവരുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റയുടെ ഭാഗമായി വിവിധ പരിശീലന പരിപാടികള്‍ക്കാവശ്യമായ ആധുനിക സജ്ജീകരണങ്ങളോടുകൂടി ഫാക്ടറീസ് & ബോയിലേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റിനു കൈമാറിയിരുന്നു.

ഫാക്ടറി തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം ക്ഷേമം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഫാക്ടറി തൊഴിലാളികള്‍ക്കും, മാനേജ്‌മെന്റിനും, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും, ഫാക്ടറികളുടെ പരിസരവാസികള്‍ക്കും ആരോഗ്യ സുരക്ഷിതത്വ വിഷയങ്ങളില്‍ വിവിധ പരിശീലന പരിപാടികള്‍ ഈ വാഹനം ഉപയോഗിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിവരുന്നു.

കഴിഞ്ഞ 5 വര്‍ഷമായി ഉദ്ദേശം 10,000 ഓളം തൊഴിലാളികള്‍ക്ക് സംസ്ഥാനത്തെ വിവിധ ഫാക്ടറികളില്‍ നിര്‍മ്മാണ പ്രക്രിയയ്ക്കനുസരിച്ച് സ്വീകരിക്കേണ്ട വിവിധ സുരക്ഷിതത്വ നിര്‍ദ്ദേശങ്ങള്‍, രാസവസ്തുക്കള്‍, തൊഴിലടങ്ങളില്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, അടിയന്തിര സാഹചര്യങ്ങളില്‍ വൈദ്യസഹായം ലഭിക്കുന്നതുവരെ കൃത്യമായി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ ഉള്‍പ്പെടയുള്ള വിഷയങ്ങളില്‍ ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ട്.

തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ശാലയിലേക്ക് നേരിട്ടെത്തി അവരുടെ നിര്‍മ്മാണ പ്രക്രിയയുമായി ബന്ധപ്പെട്ട ആരോഗ്യസുരക്ഷിതത്വ കാര്യങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തിവരുന്നത്.