പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൂടുതൽ പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ.
കുടുംബശ്രീ, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയവ സംയുക്തമായി പ്രവർത്തിച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വനിതകളുടെ ശക്തമായ മുന്നേറ്റം ഉറപ്പു വരുത്താനും സാധിക്കും. ആദിവാസി മേഖലയിൽ നിന്നുള്ള മുഴുവൻ കുട്ടികളും വിദ്യാലയങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചക്കിട്ടപ്പാറയില്‍ തയ്യല്‍ പരിശീലനം നേടിയ വനിതകള്‍ കുടുംബശ്രീ സി.ഡി.എസിന്റെ കീഴില്‍ രൂപീകരിച്ച വനമിത്ര തൊഴില്‍ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങില്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ് സലീഖ അധ്യക്ഷത വഹിച്ചു.
വനിതാ വികസന കോർപ്പറേഷന്റെ സബ് സെന്റർ പേരാമ്പ്രയിൽ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വനിതാ വികസന കോർപ്പറേഷനോട് മന്ത്രി നിർദ്ദേശിച്ചു. നിലവിൽ അപേക്ഷകൾ നൽകാനും മറ്റു ആവശ്യങ്ങൾക്കും സ്ത്രീകൾ കോഴിക്കോട് വരെ യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥക്ക് ഇതുവഴി പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് സബ്സെന്റർ തുടങ്ങാൻ തയ്യാറാണെന്ന്സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയർപേഴ്സൺ കെ. എസ് സലീഖ പറഞ്ഞു.
ആദിവാസി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നാല് ആദിവാസി ഊരുകളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് വനമിത്ര. സര്‍ക്കാരിന് കീഴിലുള്ള സംരഭകത്വ വികസന കോര്‍പറേഷന്റെയും, കേന്ദ്ര സര്‍ക്കാറിന്റെ ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള എ.ടി.ഡി.സിയുടെയും സഹകരണത്തോടെയാണ് വനിതകള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കിയത്. 14 വനിതകൾക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ചത്. ഇതിൽ നാല് പേർക്ക് ആധുനിക തൊഴിൽ പരിശീലനം നൽകുകയും ചെയ്തു.
ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന തൊഴിൽ കേന്ദ്രത്തിൽ ആധുനിക സാങ്കേതിക ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആദിവാസി ഊരുകളിലെ വനിതകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും പദ്ധതിയുടെ ഭാഗമായി നൈപുണ്യവികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഒന്നര വര്‍ഷമായി വിവിധ പരിപാടികളാണ് നടപ്പിലാക്കുന്നത്. ആദിവാസി വനിതകളുടെ സാമ്പത്തിക, സാമൂഹിക ശാക്തീകരണം ഉറപ്പുവരുത്തുന്ന രീതിയിലാണ് തൊഴില്‍ സംരഭം പ്രവര്‍ത്തനം ആരംഭിക്കുന്നത്.
സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അംഗം സുജാത മനക്കല്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിതേഷ് മുതുകാട്, ഷൈല ജെയിംസ്, ചക്കിട്ടപ്പാറ സ്ഥിരം സമിതി അംഗങ്ങളായ ദേവി വാഴയില്‍, ഷീന പുരുഷു, വനിതാ വികസന കോര്‍പറേഷന്‍ അംഗങ്ങളായ ടി.വി മാധവി അമ്മ, അന്നമ്മ പൗലോസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീന നാരായണന്‍, വനമിത്ര തൊഴില്‍ ഗ്രൂപ്പ് പ്രസിഡന്റ് ശോഭ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.