* സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ അവലോകനയോഗങ്ങളുമായി മുഖ്യമന്ത്രി. പ്രധാനപ്പെട്ട പദ്ധതികളുടെ നിലവിലുള്ള പുരോഗതി, പദ്ധതിക്കുള്ള തടസ്സങ്ങൾ നീക്കുക, നിശ്ചിത ഷെഡ്യൂൾ അനുസരിച്ച് പദ്ധതി പൂർത്തീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി അവലോകന യോഗങ്ങൾ നടത്തിയത്. പ്രധാനപ്പെട്ട പദ്ധതികളുടെ അവലോകന യോഗം നടന്നു.

സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രധാന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  ആമുഖപ്രസംഗത്തിൽ നിർദ്ദേശിച്ചു .പ്രവൃത്തികൾ വേഗത്തിലാക്കാൻ സെക്രട്ടറിമാരും വകുപ്പുകളും ശ്രദ്ധിക്കണം. ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തിലും  സെക്രട്ടറി തലത്തിലും നിശ്ചിത ഇടവേളകളിൽ അവലോകനം നടക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല മാസ്റ്റർപ്ലാൻ, ഓഖി പുനരധിവാസ പദ്ധതികൾ, മാലിന്യ സംസ്‌കരണ പ്ലാന്റുകൾ, ഇടമൺ – കൊച്ചി വൈദ്യുതിലൈൻ, ഗെയിൽ പൈപ്പ്ലൈൻ, കോവളം –  ബേക്കൽ ജലപാത, ലൈഫ് മിഷൻ എന്നിവയുടെ പുരോഗതി യോഗം ചർച്ച ചെയ്തു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഏറെക്കുറെ പൂർത്തിയായതായി യോഗം വിലയിരുത്തി.

കോഴിക്കോട് ജില്ലയിലെ ചാലിയാർ, ഇരവഴിഞ്ഞി, കുറ്റ്യാടി പുഴകളിലും കാസർകോട് ചന്ദ്രഗിരിയിലും പൈപ്പ് സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്.  സിറ്റിഗ്യാസ് പദ്ധതിയുടെ പ്രവൃത്തികൾ  കൂടി വേഗതയിൽ പൂർത്തീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ഗെയിൽ അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാൻ വ്യവസായ വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇന്ധനം ലഭിക്കുന്ന പദ്ധതിയാണിത്.

സംസ്ഥാനം മുൻകൈയെടുത്ത് ആവശ്യമായ പരിശോധനങ്ങൾ നടത്തി പദ്ധതി വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, വയനാട് ജില്ലകളിൽ മാലിന്യസംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നത് യോഗം ചർച്ച ചെയ്തു. വയനാട്ടിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് രണ്ടു മാസത്തിനകം പ്രവർത്തനക്ഷമമാകും. കോഴിക്കോട്, കണ്ണൂർ, പാലക്കാട്  എന്നിവിടങ്ങളിൽ  ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം.

ശബരിമല മാസ്റ്റർപ്ലാനിൽ  63.5 ഏക്കർ ഭൂമിയിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്ക് രൂപരേഖ ആദ്യം തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. റോപ്വേ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന നടത്തുന്നതിനുള്ള നടപടി ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. ട്രാക്ടറിനുവേണ്ടിയുള്ള പുതിയ പാത സംബന്ധിച്ചും ഉടൻ തീരുമാനമെടുക്കും. അടുത്ത മണ്ഡലകാലത്തിനു മുമ്പ് നിലയ്ക്കലിൽ തീർത്ഥാടകർക്ക് ആവശ്യമായ പരമാവധി സൗകര്യങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കോവളം- ബേക്കൽ ജലപാതയിൽ ഒൻപത് റീച്ചിൽ  പൂർണമായി ജലഗതാഗതയോഗ്യമല്ലാത്ത രണ്ട് റീച്ചുകളിൽ പ്രവർത്തനം വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ലൈഫ് മിഷന്റെ ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയായതായി യോഗം വിലയിരുത്തി. പ്രവൃത്തി പൂർത്തിയാക്കാനാകാത്ത ചുരുക്കം വീടുകൾ സംബന്ധിച്ച് പ്രത്യേകമായി പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

രണ്ടാം ഘട്ടത്തിലെ ഭൂമിയുള്ള ഭവനരഹതർക്കുള്ള വീടു നിർമാണം 2019 ഓടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.  ഭൂരഹിത ഭവനരഹിതർക്ക് കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കാനുള്ള മൂന്നാം ഘട്ടവും  സമയ ബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അടിമാലിയിൽ ഫ്ളാറ്റ് പൂർത്തിയായി 163 ഗുണഭോക്താക്കൾ താമസം ആരംഭിച്ചു.

ഇവിടെ 47 ഫ്ളാറ്റുകൾ കൂടി ഒഴിവുണ്ട്. ഈ വർഷം 85 കെട്ടിട സമുച്ചയങ്ങളുടെ നിർമാണം ആരംഭിക്കും. 1208 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.
ഓഖി പുനരധിവാസ പദ്ധതിയുടെ പുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തി. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായുള്ള നാവിക് സംവിധാനം കരയിലേക്ക് സന്ദേശം അയയ്ക്കാനാവുന്നവിധം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

ഇതിനുള്ള സാങ്കേതിക വിദ്യ ഈ മാസം ഐ. എസ്. ആർ. ഒ കൈമാറും.  സാറ്റലൈറ്റ് ഫോണുകൾ ലഭിക്കുന്നതിന് മത്സ്യത്തൊഴിലാളികൾ നൽകേണ്ട വിഹിതം  ആയിരം രൂപയായി കുറയ്ക്കാൻ തീരുമാനിച്ചു. മറൈൻ ആംബുലൻസ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദ്ദേശിച്ചു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഇ. പി. ജയരാജൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, കെ. കെ. ശൈലജ ടീച്ചർ, വി. എസ്. സുനിൽകുമാർ,  കെ. രാജു,  കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.