കൊല്ലം: പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിനായി 5000 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയതെന്ന് ഫിഷറീസ് വകുപ്പ്മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പെരിനാട് ഗ്രാമപഞ്ചായത്തില്‍ പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനവും ആശ്രയഭക്ഷണ കിറ്റ് വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ജനക്ഷേമ പദ്ധതികളുടെ നിര്‍വഹണത്തിലൂടെയാണ് സര്‍ക്കാര്‍ എല്ലാവരാലും അംഗീകരിക്കപ്പെടുന്നത്. അങ്കണവാടികളില്‍കൂടുതല്‍ സൗകര്യങ്ങളൊരുക്കി മികച്ച ആരോഗ്യം , ഭക്ഷണം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുകയാണ്. ഉന്നതനിലവാരമുള്ള പഠനരീതികളും പാഠ്യേതര പ്രവര്‍ത്തനങ്ങളും പരിചയിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാനാണ്പൊതുവിദ്യാഭ്യാസ രംഗം കൂടുതല്‍ ആധുനീകരിക്കുന്നത്.


ആശ്രയ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുക വഴി സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്താനാകുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെല്ലാം മാതൃകയാകുന്ന ജാഗ്രതസമിതി, വൃദ്ധ പരിചരണത്തിനുള്ള പകല്‍വീട്, ഭിന്നശേഷിക്കാര്‍ക്കായി ബഡ്‌സ് സ്‌കൂള്‍, റീഹാബിലിറ്റേഷന്‍ സെന്റര്‍,ജെന്‍ഡര്‍ ഡെസ്‌ക് തുടങ്ങിയ പദ്ധതികളുടെ നിര്‍വഹണത്തിലൂടെ പെരിനാട് പഞ്ചായത്ത് മികവ് പുലര്‍ത്തുന്നപശ്ചാത്തലത്തില്‍ അഭിനന്ദനം അറിയിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ശിശു വികസന പദ്ധതിയുടെ ഭാഗമായി 32 അംഗനവാടികള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പതിനേഴാം വാര്‍ഡിലെമുപ്പത്തിരണ്ടാം നമ്പര്‍ അംഗനവാടിക്കാണ് 10 ലക്ഷം രൂപ നല്‍കി പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 168 കുടുംബങ്ങളെയാണ്ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാസം തോറും ഭക്ഷണ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.