ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് തുടക്കമായി. പാര്‍ഥസാരഥിക്ഷേത്രത്തിന്റെ ഗജമണ്ഢപത്തില്‍ എന്‍എസ്എസ് പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ ഭദ്രദീപം കൊളുത്തി വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു.
ആറന്മുളയുടെ പെരുമ ഭക്തിയോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ കൃഷ്ണവേണി അധ്യക്ഷതവഹിച്ചു.
വീണാ ജോര്‍ജ് എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ.എന്‍. വിജയകുമാര്‍, കെ.പി. ശങ്കരദാസ്, എന്‍എസ്എസ് രജിസ്ട്രാര്‍ പി എന്‍ സുരേഷ്, പള്ളിയോട സേവാസംഘം സെക്രട്ടറി പിആര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ആദ്യദിനത്തില്‍ വള്ളസദ്യയില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്നു.
പൊന്‍പ്രകാശം ചൊരിയുന്ന വിളക്കത്ത് വിളമ്പണം എന്ന വഞ്ചിപ്പാട്ടിന്റെ ശീലുകള്‍ ആറന്മുളയിലെ സദ്യവട്ടങ്ങളില്‍ മുഴങ്ങി. മറൊരു വള്ളസദ്യക്കാലത്തിന് തുടക്കം കുറിച്ച് വഴിപാട് സമര്‍പ്പിക്കുന്നവരുടെ ക്ഷണപ്രകാരം എത്തിയവരും പള്ളിയോടങ്ങളില്‍ പാര്‍ഥസാരഥിയുടെ പ്രതിനിധികളായി പാടിത്തുഴഞ്ഞ് എത്തിയവരും ഒന്നുപോലെ രുചിയുടെ വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാന്‍ ക്ഷേത്ര അങ്കണത്തില്‍ ഒരുമിച്ചുകൂടി.
പമ്പയുടെ ഓളങ്ങളില്‍ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും പള്ളിയോടങ്ങളില്‍ പാടിത്തുഴഞ്ഞ് പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ കടവില്‍ എത്തിയപ്പോള്‍ വഞ്ചിപ്പാട്ടുകള്‍ക്കൊണ്ടു മുഖരിതമായ അന്തരീക്ഷം ഹൃദ്യമായ അനുഭവമായി മാറി. പള്ളിയോടങ്ങളെ വെറ്റ-പുകയില നല്‍കി പള്ളിയോട സേവാസംഘം ഭാരവാഹികളും വിശിഷ്ട അതിഥികളും വഴിപാടുകാര്‍ക്കൊപ്പം സ്വീകരിച്ചു.
അന്നദാനപ്രഭുവിനെ സ്മരിച്ച് വിളക്കത്ത് അന്നം വിളമ്പിയ ശേഷം കരക്കാര്‍ക്ക് കളഭ കുങ്കുമങ്ങളും നല്‍കുന്നതോടെയാണ് ഓരോ വള്ളസദ്യയും ആരംഭിക്കുന്നത്. ഭഗവത് സ്തുതികളുമായി എത്തിയ ചെറുകോല്‍, കോഴഞ്ചേരി, പ്രയാര്‍, തെക്കേമുറി, പുന്നംതോട്ടം, വെണ്‍പാല, ഓതറ, നെടുംപ്രയാര്‍ എന്നീ പള്ളിയോടങ്ങള്‍ക്കാണ് ആദ്യ ദിനം വളളസദ്യ നടന്നത്. രണ്ടാം ദിവസമായ ഇന്ന് വള്ളസദ്യകള്‍ ഇല്ല. എട്ട് കരക്കാരാണ് ആദ്യ ദിനത്തില്‍ വള്ളസദ്യയില്‍ പങ്കെടുത്തത്. ഒക്ടോബര്‍ ആറിനാണ് വള്ളസദ്യകള്‍ സമാപിക്കുന്നത്.