ആറന്മുളയില്‍ എത്തുന്ന ഭക്തര്‍ക്കും, വളളംകളി ആസ്വാദകര്‍ക്കും സുരക്ഷ ഒരുക്കുകയാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ലക്ഷ്യമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ. പറഞ്ഞു.
ആറന്മുള സത്രം കോണ്‍ഫറന്‍സ് ഹാളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ദുരന്ത സാധ്യത ഉണ്ടായാല്‍ നേരിടുന്നതിനായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡോക്ടറും, നഴ്‌സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘത്തെ പൂര്‍ണ സജ്ജമാക്കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ആറന്മുള വള്ളസദ്യകള്‍, ഉതൃട്ടാതി ജലോത്സവം, അഷ്ടമിരോഹിണി വളളസദ്യ എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തരഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തുടങ്ങിയതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
ഫയര്‍ഫോഴ്‌സ്, റവന്യു, പോലീസ്, ആരോഗ്യം, കെഎസ്ഇബി, ജലസേചനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. വരും ദിവസങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും, സാധനസാമഗ്രികളും, റബര്‍ ഡിങ്കികളും ക്രമീകരിക്കും.
വളളംകളി നടക്കുന്ന ജലപാതയുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിന് യുഎന്‍ഡിപിയുടെ ജില്ലാ പ്രോജക്ട് വിഭാഗത്തെ ചുമതലപ്പെടുത്തിയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, അടൂര്‍ ആര്‍ഡിഒ പി.ടി ഏബ്രഹാം, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. ബീനാറാണി, പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ്, ഫയര്‍ ഓഫീസര്‍ വിനോദ്കുമാര്‍, പളളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്്ണവേണി, സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.