* വിദഗ്ധ സമിതി നടത്തിയ പഠന റിപ്പോർട്ട്  രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റുവാങ്ങി

രാജഭരണ കാലത്തു തന്നെ സംസ്ഥാനത്ത് തുടക്കം കുറിച്ച പുരാവസ്തു വകുപ്പ് പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് നവീകരിക്കാനൊരുങ്ങുന്നു. വകുപ്പിന് കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിനായി സർക്കാർ നിർദേശ പ്രകാരം ചരിത്ര ഗവേഷണ കൗൺസിലിന്റെ വിദഗ്ധ സമിതി നടത്തിയ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

കെ. റ്റി. ഡി. സി. ചൈത്രം ഹോട്ടലിൽ നടന്ന ചടങ്ങിൽ ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ ഡോ. പി. കെ. മൈക്കിൾ തരകനിൽ നിന്നും പഠനറിപ്പോർട്ട് പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റുവാങ്ങി. റിപ്പോർട്ട് വിശദമായി വിലയിരുത്തിയ ശേഷം അതീവപ്രാധാന്യത്തോടെ ഉൾക്കൊള്ളാനും നടപ്പിലാക്കാനും ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. റിപ്പോർട്ട് പുരാവസ്തു വകുപ്പിന് പ്രചോദന ശക്തിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി നവീനപ്രവർത്തനങ്ങളാണ് പുരാവസ്തു വകുപ്പിനു കീഴിൽ നടന്നു വരുന്നത്. ജില്ലാ അടിസ്ഥാനത്തിൽ പൈതൃക മ്യൂസിയങ്ങൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. പത്മനാഭപുരം കൊട്ടാരവും മ്യൂസിയവും ലോകശ്രദ്ധയാകർഷിക്കുന്ന വിധത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു. നിലവിൽ 180ൽപരം സ്മാരകങ്ങളും 12 മ്യൂസിയങ്ങളുമാണ് വകുപ്പിന്റെ സംരക്ഷണയിലുള്ളത്.

ഡോ. പി. കെ. മൈക്കിൾ തരകനെ കൂടാതെ ഡോ. എം. ആർ. രാഘവവാര്യർ, ഡോ. കെ. എൻ. ഗണേഷ്, ഡോ. കെ. കെ. മുഹമ്മദ്, ഡോ. എം. ജി. ശശിഭൂഷൺ, ഡോ. കെ.കെ. രാമമൂർത്തി, ഡോ. എം. വേലായുധൻ നായർ, ഡോ. എസ്. ശിവദാസ്, ഡോ. എസ്. രാജു, ഡോ. വി. സതീഷ്, ഡോ. എം. ജെ. ഫ്രാൻസിസ്, പുരാവസ്തു വകുപ്പ് ഡയറക്ടർ കെ. ആർ. സോന എന്നിവരാണ് വിദഗ്ധസമിതിയിലെ അംഗങ്ങൾ. ചടങ്ങിൽ മേയർ വി. കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. അഡീ. സെക്രട്ടറി കെ. ഗീത, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, വാർഡ് കൗൺസിലർ എം. പി. ജയലക്ഷ്മി, ഡയറക്ടർ കെ. ആർ. സോന, പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. രജികുമാർ, റ്റി. കെ. കരുണദാസ്, ആർ. ചന്ദ്രൻപിള്ള, ആർ. രാജേഷ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു.