കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക, സന്നദ്ധ പ്രവർത്തകർ എല്ലാവരും ഒത്തു ചേർന്നു പ്രവർത്തിച്ചതുകൊണ്ടാണ് ആരോഗ്യരംഗത്ത് കേരളം ലോകത്തിനുതന്നെ മാതൃകയായതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  കാർഷിക സംസ്‌കൃതിയിൽ നിന്ന് അകന്ന് നിൽക്കാൻ തുടങ്ങിയതു മുതലാണ് കേരളം പകർച്ചവ്യാധികൾക്കടിപ്പെട്ട് തുടങ്ങിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ ജാഗ്രത – പകർച്ചവ്യാധികൾക്കെതിരെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പള്ളിച്ചൽ പഞ്ചായത്തിലെ പുന്നമൂട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗം ജനങ്ങളുടേയും കൂട്ടായ പങ്കാളിത്തം, പകർച്ചവ്യാധികൾ ജില്ലയിൽ നിന്നൊഴിവാക്കാൻ അനിവാര്യമാണെന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അഭിപ്രായപ്പെട്ടു.  ആരോഗ്യമേഖലയിലെ ഡോക്ടർമാർ മുതൽ വിവിധ തട്ടിലെ ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ഇതൊരു യജ്ഞമായി കണ്ട് പരിപാടിയിൽ അണിചേരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഭ്യർഥിച്ചു.
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി മുതൽ ഡിസംബർ വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി ചേർന്ന് വിപുലമായ രീതിയിലാണ് ആരോഗ്യ ജാഗ്രത പകർച്ചവ്യാധികൾക്കെതിരെ എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തള കുമാരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക വിജയൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ശോഭന കുമാരി, ലത കുമാരി, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പ്രീത. പി.പി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സ്വപ്ന കുമാരി. ജെ തുടങ്ങിയവരും സംസാരിച്ചു.