ഭൂരഹിതരായ ആദിവാസികൾക്കുള്ള ഭൂമി വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു.

വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായ 1675 എക്കർ ഭൂമി ഈ മാസം അവസാനം മുതൽ വിതരണം ചെയ്തു തുടങ്ങും. ജില്ലാതല കമ്മിറ്റികൾ അംഗീകരിച്ച 640 അപേക്ഷകൾ പ്രകാരം ഈ മാസം തന്നെ ആർ.ഒ. ആർ. (വനാവകാശരേഖ) വിതരണം ചെയ്യും. ജില്ലാതല കമ്മിറ്റികൾ മുമ്പാകെ 185 അപേക്ഷകളും സബ്ഡിവിഷണൽ കമ്മിറ്റികൾ മുമ്പാകെ 5290 അപേക്ഷകളും ഇപ്പോഴുണ്ട്. അതുസംബന്ധിച്ചു നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒക്ടോബർ 31ന് മുമ്പ് ഭൂമി വിതരണം ചെയ്യും.

സുപ്രീം കോടതിവിധി പ്രകാരം ലഭിച്ച 2367 ഏക്കർ നിക്ഷിപ്തവന ഭൂമിയിൽ (958 ഹെക്ടർ) ആദിവാസികൾക്ക് വനാവകാശ രേഖനൽകിയിട്ടുണ്ട്. ഇതിന് പകരം പട്ടയം തന്നെ വിതരണം ചെയ്യാനാവശ്യമായ നടപടികൾ റവന്യൂ വകുപ്പ് സ്വീകരിക്കും.

മുഴുവൻ ആദിവാസികൾക്കും ഭൂമി ലഭ്യമാക്കുന്നതിന് അനുയോജ്യമായ ഭൂമി വിലകൊടുത്തു വാങ്ങാനുള്ള നപടിക്രങ്ങളും വേഗത്തിലാക്കാൻ തീരുമാനിച്ചു. യോഗത്തിൽ പട്ടികജാതി – പട്ടികവർഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലൻ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വനംവകുപ്പ് മന്ത്രി കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു, പട്ടികജാതി – പട്ടികവർഗ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിഹ്ന തുടങ്ങിയവർ പങ്കെടുത്തു.