തിരുവനന്തപുരത്ത് ആരംഭിക്കുന്ന കേരള സ്‌പേസ് പാർക്ക് പദ്ധതിക്ക് സാങ്കേതിക സഹായവും മറ്റു മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നതു സംബന്ധിച്ച് സംസ്ഥാന സർക്കാരും ഐഎസ്ആർഒയുടെ കീഴിലുള്ള വിക്രം സാരാഭായ് സ്‌പേസ് സെന്ററും (വി.എസ്.എസ്.സി) ധാരാണാപത്രം ഒപ്പുവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഐടി സെക്രട്ടറി എം. ശിവശങ്കറും വി.എസ്.എസ്.സി. ഡയറക്ടർ എസ് സോമനാഥുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഐ.എസ്.ആർ.ഒയുടെ സഹകരണത്തോടെയാണ് പാർക്ക് സ്ഥാപിക്കുന്നത്. ഇതിനു വേണ്ടി ടെക്‌നോസിറ്റിക്ക് സമീപം 22 ഏക്ര സ്ഥലം സർക്കാർ അനുവദിച്ചിട്ടുണ്ട്. താല്പര്യമുള്ള സംരംഭകർക്ക് ഇവിടെ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ ആരംഭിക്കാം.

ഇതിനാവശ്യമായ ഉപദേശവും സാങ്കേതിക പിന്തുണയും ഐ.എസ്.ആർ.ഒ നൽകും. മാത്രമല്ല, ഇവിടെ നിന്നുള്ള ഉൽപന്നങ്ങൾ തങ്ങളുടെ പദ്ധതികൾക്ക് പ്രയോജനകരമാണെങ്കിൽ സംരംഭകരിൽ നിന്ന് ഐ.എസ്.ആർ.ഒ നേരിട്ടു വാങ്ങുകയും ചെയ്യും. സ്‌പേസ്, ഏറോസ്‌പേസ് മേഖലക്കാവശ്യമായ സൂക്ഷ്മ ഉപകരണങ്ങൾ നിർമിക്കാൻ താല്പര്യം പ്രടകിപ്പിച്ച് പല സംരംഭകരും ഇതിനകം മുന്നോട്ടുവന്നിട്ടുണ്ട്. ഉല്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്താനുള്ള സഹായവും സ്‌പേസ് പാർക്ക് നൽകും.

സർക്കാർ അനുവദിച്ച 22 ഏക്രയിൽ 2 ഏക്ര സ്ഥലത്ത് ഡോ. എ.പി.ജെ. അബ്ദുൾ കലാം നോളജ് സെന്ററും സ്‌പേസ് മ്യൂസിയവും സ്ഥാപിക്കാൻ ഐ.എസ്.ആർ.ഒ തീരുമാനിച്ചിട്ടുണ്ട്. 100 കോടി രൂപ ചെലവുവരുന്ന പദ്ധതിയാണിത്.

ഏകദേശം ഒരു ലക്ഷത്തിൽ കൂടുതൽ സ്‌ക്വയർ ഫീറ്റ് സ്ഥലവിസ്തൃതിയുള്ള മ്യൂസിയം കെട്ടിടത്തിൽ യഥാർത്ഥ റോക്കറ്റ് വിക്ഷേപണ വാഹനത്തിന്റെ വലിപ്പമുള്ള മാതൃക പ്രദർശിപ്പിക്കും. സ്‌പേസ് പാർക്കിനാവശ്യമായ കോൺഫറൻസ് സൗകര്യങ്ങവും മ്യൂസിയത്തിൽ ലഭ്യമാക്കും.

സ്‌പേസ് പാർക്ക് സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള കർമപദ്ധതിക്ക് ഐടി വകുപ്പിന്റെയും വി.എസ്.എസ്.സിയുടെയും ഉദ്യോഗസ്ഥർ രൂപം നൽകിയിട്ടുണ്ട്. 2020 അവസാനത്തോടെ പാർക്ക് പൂർണമായും പ്രവർത്തനസജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഐ.എസ്.ആർ.ഒയും കേരള സർക്കാരും യോജിച്ചുനിന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌പേസ് പാർക്ക് സ്ഥാപിക്കാൻ കേരള സർക്കാർ പ്രകടിപ്പിച്ച താൽപര്യത്തിനും നൽകിയ പിന്തുണയ്ക്കും വി.എസ.്എസ്.സി ഡയറക്ടർ സോമനാഥ് നന്ദി പറഞ്ഞു.

ഐ.എസ്.ആർ.ഒ ചെയർമാനായി ചുമതലയേറ്റ ശേഷം ഡോ. കെ. ശിവൻ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സ്‌പേസ് പാർക്കിന്റെ ആശയം ഉരുത്തിരിഞ്ഞത്.

ചടങ്ങിൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള എൽ.പി.എസ്.സി ഡയറക്ടർ ഡോ. നാരായണൻ, ഐ.ഐ.എസ്.യു ഡയറക്ടർ ഡോ. ശ്യാം ലാൽ ദേവ,് ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ. കുരുവിള എന്നിവരും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, കേരള സ്‌പേസ് പാർക്ക് പ്രോഗ്രാം സ്‌പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പ്, ടെക്‌നോപാർക്ക് സി.ഇ.ഒ ഋഷികേശ് നായർ തുടങ്ങിയവരും പങ്കെടുത്തു.