* വെള്ളായണി കായലിലെ ശുചീകരണ പ്രവർത്തനങ്ങൾ മന്ത്രി കെ. കൃഷ്ണൻകുട്ടി വിലയിരുത്തി

സംസ്ഥാനത്തെ കായലുകളിലെ ചെളിയുൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായി നെതലർലാൻഡ്‌സിൽ നിന്നും യന്ത്രം വാങ്ങുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി. ഒരുമാസത്തിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളായണി കായലിൽ പായൽ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തുകയായിരുന്നു അദ്ദേഹം. വെള്ളായണി കായലിന്റെ ഭാഗമായി മാറിയ പാടശേഖരങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ളായണി കായലിന്റെ വീണ്ടെടുപ്പിനായി സംസ്ഥാന സർക്കാരും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന റിവൈവ് വെള്ളായണി പദ്ധതിയുടെ ഭാഗമായി കായലിലെ ആഫ്രിക്കൻ പായലും കുളവാഴയും നീക്കം ചെയ്യുന്ന പ്രവർത്തനമാണ് നിലവിൽ നടക്കുന്നത്. ഇതുവരെ 2800 ലോഡ് പായൽ നീക്കം ചെയ്തു.

മൂന്ന് ഘട്ടങ്ങളാണ് കായലിന്റെ പുനരുജ്ജീവനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ സർവേയിലൂടെ വിവരശേഖരണവും രൂപരേഖയും തയ്യാറാക്കി. രണ്ടാം ഘട്ടത്തിൽ യന്ത്രമുപയോഗിച്ച് പായലും പായൽ ചീഞ്ഞുണ്ടായ ചെളിയും നീക്കം ചെയ്യുന്നു. ചെളി കായലിന്റെ തീരങ്ങളിലേക്ക് മാറ്റും. നീക്കം ചെയ്യുന്ന ചെളി ഉപയോഗിച്ച് പാതയും സംരക്ഷണ ഭിത്തിയും നിർമിക്കാനും ലക്ഷ്യമിടുന്നു. കൂടാതെ നിലവിലുള്ള തുരുത്തിനെ സംരക്ഷിച്ച് ജനസാന്നിധ്യമില്ലാത്ത പക്ഷിസങ്കേതമാക്കി മാറ്റിയെടുക്കാനും പദ്ധതിയുണ്ട്.

മൂന്നാം ഘട്ടത്തിൽ ജലശുദ്ധീകരണമാണ്. സൂക്ഷ്മാണുക്കളെ ഉപയോഗിച്ചും രാമച്ചക്കെട്ടുകൾ നിക്ഷേപിച്ചും ജലം ശുദ്ധീകരിക്കും. തുടർന്ന് കായലിനു ചുറ്റും സൗന്ദര്യവത്കരണം നടത്തും.
കയാക്കിംഗ്, കനോയിംഗ് പരിശീലനവും മത്സരങ്ങളും കായലിൽ സംഘടിപ്പിക്കും. കായലിന് സമീപത്ത് അധിവസിക്കുന്ന കുടുംബങ്ങളെ ഉൾപ്പെടുത്തി ജനജാഗ്രതാ സമിതിക്ക് രൂപം നൽകി സംരക്ഷണ പ്രവർത്തനങ്ങൾ കൈമാറും.

ഓരോ കുടുംബത്തിനും ചുമതലയുള്ള പ്രദേശങ്ങൾ മലിനമാകാതെ അവർ സംരക്ഷിക്കും. ഇത്തരത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമായ വെള്ളായണിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

വെള്ളായണി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, വൈസ് പ്രസിഡന്റ് സതീഷ്‌കുമാർ, സ്വസ്തി ഫൗണ്ടേഷൻ ചെയർമാൻ ജേക്കബ് പുന്നൂസ്, ജനറൽ സെക്രട്ടറി എബി ജോർജ്,പി. എച്ച്. കുര്യൻ, കോളിയൂർ സുരേഷ്, ആനാവൂർ നാഗപ്പൻ, ജമീല പ്രകാശം, ഗോപിനാഥ്, അമ്പിളി ജേക്കബ്, ശ്രീരാജ് തുടങ്ങിയവർ മന്ത്രിയുടെ സന്ദർശന വേളയിൽ സംബന്ധിച്ചു.