മഴക്കെടുതിയിൽ കണ്ണൂർ,ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഉരുൾപൊട്ടി. ഇടുക്കിയിൽ നാലിടത്തും മലപ്പുറത്ത് ഒരിടത്തും വയനാട്ടിൽ രണ്ടിടത്തും കണ്ണൂരിൽ ഒരിടത്തും ഉരുൾപൊട്ടിയതായി റവന്യൂ വകുപ്പ് അറിയിച്ചു.

ഇടുക്കിയിൽ കീരിത്തോട് ചുരുളി, ഗാന്ധിനഗർ കോളനി,രാജകുമാരി മണക്കുഴി, ഉപ്പുതറ ഒൻപതേക്കർ എന്നിവിടങ്ങളിലും മലപ്പുറത്ത് കരുളായി, മുണ്ടക്കടവ് കോളനിയിലും വയനാട് മുത്തുമല കോട്ടപ്പടി ഭാഗങ്ങളിൽ രണ്ടിടത്തും കണ്ണൂരിൽ ഇരിട്ടി മഠത്തിൽവഴി, ചാപ്പമല്ല, പനച്ചിക്കൽ തോട്, അടയ്ക്കാത്തോട് എന്നിവിടങ്ങളിലുമാണ് ഉരുൾപൊട്ടിയത്.

മഠത്തിൽവഴിയിൽ ഉരുൾപൊട്ടി വീടിന് നാശനഷ്ടമുണ്ടായി. ആളപായമില്ല. ഇടുക്കി ഗാന്ധിനഗർ കോളനിയിൽ മണ്ണിനടിയിലായ ആളെ ഫയർഫോഴ്സ് രക്ഷപെടുത്തി.
ഇടുക്കിയിൽ പീരുമേട് വണ്ടിപ്പെരിയാർ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഗതാഗതം തടസ്സപ്പെട്ടു. വയനാട് ജില്ലയിലെ നിരവധി ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. പാൽചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മൈസൂർ റോഡിൽ മണ്ണിടിച്ചിൽ കാരണം ഗതാഗതം തടസ്സപ്പെട്ടു.

മലപ്പുറം ജില്ലയിൽ വ്യാപകമായി നാശനഷ്ടങ്ങൾ ഉണ്ടായി. 53 വീടുകൾ തകർന്നു. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിൽ വെള്ളം കയറി ആറ് വീടുകൾ പൂർണമായും 10 വീടുകൾ ഭാഗികമായും നശിച്ചു. ചേർത്തല താലൂക്കിൽ വീട് പൂർണമായും നശിച്ചു.  പത്തനംതി്ട്ടയിൽ പതിനഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു.  മൂന്നാറിൽ കാറ്റി്‌ലും മഴയിലും വ്യാപകനാശവുമുണ്ടായി.

തിരുവനന്തപുരം വലിയതുറ ഭാഗത്ത് കടലിൽപോയ വള്ളങ്ങൾ കുടുങ്ങിക്കിടക്കുന്നതായി മറൈൻ എൻഫോഴ്സമെന്റ് അറിയിച്ചു.  ഇവർക്ക്  കോസ്റ്റ്ഗാർഡിന്റെ സേവനം ലഭ്യമാക്കി.