കോഴഞ്ചേരിയിലും തിരുവല്ലയിലും ദുരിതാശ്വാസ ക്യാമ്പുകള്‍
ജില്ലയില്‍ ശക്മായ മഴ തുടരുകയാണെങ്കില്‍ മൂഴിയാര്‍ ഡാം തുറന്നു വിടേണ്ടിവരുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. മൂഴിയാര്‍ ഡാമില്‍ 192 മീറ്ററാണ് ഫുള്‍ റിസവ് ലെവല്‍. നിലവില്‍ 187 മീറ്ററായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം നാലു സെന്റീ മീറ്ററാണ് ഉയര്‍ന്നത്. സ്ഥിതി തുടര്‍ന്നാല്‍ മൂഴിയാര്‍ ഡാം തുറന്നു വിടും. അങ്ങനെയെങ്കില്‍ കോഴഞ്ചേരി, തിരുവല്ല മേഖലകളില്‍ വെള്ളം ഉയരുവാനുള്ള സാധ്യത കണക്കിലെടുത്ത് ഈ പ്രദേശങ്ങളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
മുന്‍കരുതലെന്ന നിലയില്‍ തിരുവല്ല, കോഴഞ്ചേരി മേഖലകളിലെ രണ്ടായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
പോലീസ്, അഗ്നിശമന സേന, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ജില്ലാ ദുരന്ത നിവാരണ വിഭാഗം തുടങ്ങിയ വകുപ്പുകള്‍ പൂര്‍ണ സജ്ജമാണെന്നും നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും കളക്ടര്‍ അറിയിച്ചു.
പമ്പയാറ്റിലും മറ്റിടങ്ങളിലും എട്ട് മുതല്‍ പത്തടിയോളം വരെ ജലനിരപ്പ് ഉയര്‍ന്നതായി കാണുന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം. കക്കി, ആനത്തോട് തുടങ്ങിയ പ്രധാന ഡാമുകളില്‍ ജലനിരപ്പ് കുറവാണ്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇന്നലെ(ആഗസ്റ്റ് 8) റാന്നി പാലം, റാന്നി ഉപാസനക്കടവ്, ഇടകടത്തി, പെരുന്തേനരുവി ഡാം, ചെറുകോല്‍പ്പുഴ, ആറന്മുള സത്രക്കടവ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. റാന്നി പാലത്തിലെത്തിയ കളക്ടര്‍ റാന്നി എംഎല്‍എ രാജു എബ്രഹാവുമായും ആറന്മുള സത്രക്കടവില്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
ഈ പ്രദേശങ്ങളിലെ ജനങ്ങളുമായും ജില്ലാ കളക്ടര്‍ സംസാരിച്ചു.
ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീനാ റാണി, റാന്നി തഹസില്‍ദാര്‍ സാജന്‍ വി കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.