പള്ളിയോടങ്ങള്‍ക്ക് നടത്തുന്ന വെള്ളിയാഴ്ചത്തെ വള്ളസദ്യ വഴിപാടുകള്‍ മാറ്റി വച്ചു. മാരാമണ്‍, അയിരൂര്‍, നെടുംപ്രയാര്‍, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങള്‍ക്കാണ് വള്ളസദ്യ വഴിപാടുകള്‍ നടത്തുന്നതിന് നിശ്ചയിച്ചിരുന്നത്. വ്യാഴം വൈകുന്നേരത്തോടെ പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ജില്ലാ ഭരണകൂടം പള്ളിയോടങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
വ്യാഴാഴ്ച വെണ്‍പാല, പുന്നംതോട്ടം, ഇടനാട്, വരയന്നൂര്‍ എന്നീ കരകള്‍ക്ക് വള്ളസദ്യ വഴിപാട് നടന്നു. അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റുകൂടി ആറന്മുളയില് വ്യാഴാഴ്ച സേവനത്തിനെത്തിയിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ വിഭാഗം ആറന്മുളയില് വൈകുന്നേരവും നിരീക്ഷണം നടത്തി.
പമ്പാ നദിയില്‍ ജല നിരപ്പുയര്‍ന്നതിനാല്‍ കോഴഞ്ചേരി പാലത്തിന്റെ അടിയില്‍ അമരം തട്ടാന്‍ സാധ്യതയുണ്ട്. കിഴക്ക് നിന്നുള്ള പള്ളിയോടങ്ങള്‍ക്ക് അപകട സാധ്യതയുമുണ്ട്. മണിയാര്‍ ഡാം തുറന്നതും വെള്ളിയാഴ്ച രാവിലെ മൂഴിയാര്‍ ഡാം തുറക്കുമെന്നുള്ള ദുരന്തനിവാരണ വിഭാഗത്തിന്റെ അറിയിപ്പും കണക്കിലെടുത്താണ് വഴിപാടുകള്‍ മാറ്റിവയ്ക്കാന്‍ പള്ളിയോട സേവാസംഘം തീരുമാനിച്ചത്.