കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്നും അറിയാന്‍ ആരെ സമീപിക്കണമെന്നുമായിരുന്നു ഒറീസക്കാരനായ രാജേന്ദ്രനായിക്കിന്റെ ചോദ്യം. 17 വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്ന രാജേന്ദ്ര നായിക് എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ ഹിയറിങ്ങിലാണ് ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്റെയും മുന്‍ ചീഫ് സെക്രട്ടറിമാരുടെയും മുന്നില്‍ തന്റെ സംശയവും നിര്‍ദേശങ്ങളും അവതരിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക പദ്ധതികളുണ്ടെന്നു തന്നെ തങ്ങളില്‍ പലര്‍ക്കും അറിയില്ല. പദ്ധതികള്‍ തൊഴിലാളികള്‍ക്കിടയില്‍ പരിചിതമാക്കാനായി പ്രത്യേക യൂണിറ്റുകളും ഹെല്‍പ്ലൈനുകളും വേണമെന്ന നിര്‍ദ്ദേശം നായിക് മുന്നോട്ടുവച്ചു. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയിലെ ധനസഹായം വര്‍ദ്ധിപ്പിക്കുക, പരാതികള്‍ പറയാനുള്ള സംവിധാനം ഒരുക്കുക എന്നിവയായിരുന്നു മറ്റ് ആവശ്യങ്ങള്‍.
ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതിനായി ഹോസ്റ്റല്‍ സൗകര്യമൊരുക്കണമെന്ന് തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തക ജാന്‍സി പറഞ്ഞു. പല മാതാപിതാക്കള്‍ക്കും കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തെക്കുറിച്ച് ധാരണയില്ല. തൊഴിലാളികളുടെ മാതൃസംസ്ഥാനവും കേരളവുമായി നയപരമായ ബന്ധമുണ്ടാക്കി പദ്ധതികള്‍ നടപ്പാക്കണമെന്ന് തൊഴിലാളി യൂണിയന്‍ പ്രതിനിധി സോണിയ ജോര്‍ജ് നിര്‍ദേശിച്ചു. ബാലവേല സംസ്ഥാനത്ത് കൂടുതലാണ്. ഇതരസംസ്ഥാന സ്ത്രീ തൊഴിലാളികളുടെയും കുട്ടികളുടെയും ചൂഷണം തടയണം. ഇതരസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്ന മാഫിയസംഘങ്ങളെ പുറത്തുകൊണ്ടുവരണമെന്നും ആവശ്യമുയര്‍ന്നു.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തിലെ തൊഴിലാളികളെക്കാള്‍ കുറഞ്ഞ കൂലിയാണ് ഇപ്പോള്‍ നല്‍കുന്നത്. കൂലി ഏകീകരിക്കണമെന്ന് തൊഴിലാളി യൂണിയന്‍ പ്രതിനിധി ജോസ് കപ്പിത്താന്‍പറമ്പില്‍ ആവശ്യപ്പെട്ടു
സംസ്ഥാന വയോജന കമ്മീഷനും വയോജന വകുപ്പും രൂപീകരിക്കണമെന്ന് മുതിര്‍ന്നവരുടെ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന പൗരന്മാരുടെ ഡാറ്റാബാങ്ക് ഉണ്ടാക്കണമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സാമൂഹ്യ സുരക്ഷാനിയമം ഉറപ്പുവരുത്തണമെന്നും ഡോ. രാധാകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന പൗരന്മാര്‍ സമര്‍പ്പിക്കുന്ന നിവേദനങ്ങള്‍ 15 ദിവസത്തിനകം തീര്‍പ്പാക്കണമെന്ന് ഹിയറിങില്‍ പങ്കെടുത്ത ജസ്റ്റിസ് കെ സുകുമാരന്‍ അഭിപ്രായപ്പെട്ടു.
വയോജന സൗഹൃദ ഗ്രാമങ്ങളും കെട്ടിടങ്ങളും നിര്‍മിക്കണമെന്ന്് സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ പ്രതിനിധി വേലായുധന്‍ നായര്‍ പറഞ്ഞു. വയോജനങ്ങളെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ തര്‍ക്കങ്ങള്‍ മെയിന്റനന്‍സ് ആക്ട് പ്രകാരം പരിഗണിക്കുമ്പോള്‍ അഭിഭാഷകരുടെ അനാവശ്യമായ ഇടപെടലുകള്‍ ഒഴിവാക്കണം. വയോമിത്രം പദ്ധതി വ്യാപകമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വയോജനങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണം തുടങ്ങിയ നിര്‍ദേശങ്ങളുമുയര്‍ന്നു.
ബുദ്ധി വൈകല്യമുള്ളവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കാനുള്ള ക്രമീകരണം വേണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞ ചെലവില്‍ ഇവര്‍ക്കുള്ള മരുന്നുകള്‍ ലഭ്യമാണെന്നും ഉറപ്പാക്കണം.