കടലിൽ പോകുന്ന മത്‌സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പുകൾ യഥാസമയം നൽകുന്നതിന് ബോട്ടുകളിൽ ഘടിപ്പിക്കുന്ന നാവിക് സംവിധാനത്തിന്റെ പരീക്ഷണം ജനുവരി 5ന് നടക്കും. രാവിലെ എട്ടിന് കൊല്ലം നീണ്ടകര ഫിഷിംഗ് ഹാർബറിൽ നിന്ന് നാവിക് സംവിധാനം ഘടിപ്പിച്ച ബോട്ടുകൾ ഉൾക്കടലിലേക്ക് പുറപ്പെടും. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഫ്‌ളാഗ് ഓഫ് ചെയ്യും. ഇതേസമയം തന്നെ വിഴിഞ്ഞത്തു നിന്നും കൊച്ചിയിൽ നിന്നും നാവിക് സംവിധാനമുള്ള ബോട്ടുകൾ കടലിലേക്ക് പരീക്ഷണ യാത്ര ആരംഭിക്കും.
ഐ. എസ്. ആർ. ഒയാണ് നാവിക് സംവിധാനം വികസിപ്പിച്ചത്. മത്‌സ്യസാധ്യത കൂടുതലുള്ള സ്ഥലങ്ങൾ, വിവിധ തരത്തിലുള്ള മത്‌സ്യങ്ങളുടെ ലഭ്യത, കാറ്റിന്റെ ഗതിവ്യാപനം, മഴ, ന്യൂനമർദ്ദമേഖലകൾ, മത്‌സ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ, സുരക്ഷാ മുന്നറിയിപ്പുകൾ, കടൽക്ഷോഭം എന്നിവ സംബന്ധിച്ച വിവരം നാവിക് സംവിധാനത്തിലൂടെ മത്‌സ്യത്തൊഴിലാളികൾക്ക് ലഭിക്കും. ആദ്യ ഘട്ടത്തിൽ 500 ബോട്ടുകളിൽ നാവിക് സംവിധാനം ഘടിപ്പിക്കും. മത്‌സ്യത്തൊഴിലാളികൾക്ക് എത്രത്തോളം ഫലപ്രദമായി വിവരം ലഭിക്കുന്നുണ്ടെന്ന് പരീക്ഷണ യാത്രയിൽ പരിശോധിക്കും.
ഇൻകോയിസിൽ നിന്ന് ലഭിക്കുന്ന അറിയിപ്പുകൾ ഐ. എസ്. ആർ. ഒയുടെ ട്രാൻസ്‌പോണ്ടേഴ്‌സ് വഴിയാണ് മത്‌സ്യത്തൊഴിലാളികളുടെ ആൻഡ്രോയിഡ് ഫോണുകളിലേക്ക് നാവിക് ഉപകരണം വഴി എത്തുന്നത്. കരയിൽ നിന്ന് 1500 കിലോമീറ്റർ വരെ അകലെയുള്ള ബോട്ടുകൾക്ക് വിവരം ലഭ്യമാക്കാനാവും. ഫിഷറീസ്, തീരസംരക്ഷണ സേന, റിമോട്ട് സെൻസിംഗ് ഏജൻസിയുടെയും സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മെന്റിന്റേയും ഉദ്യോഗസ്ഥർ, ലൈഫ് ഗാർഡുകൾ എന്നിവർ പരീക്ഷണ ബോട്ടുകളിലുണ്ടാവും. നീണ്ടകരയിൽ നിന്ന് പുറപ്പെടുന്ന ബോട്ടുകൾ 200 നോട്ടിക്കൽ മൈൽ അകലെ വരെ പോകും.
