വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണി വരെയുള്ള കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ കെടുതികളിൽ 28 പേർ മരണമടഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഏഴു പേരെ കാണാതായി. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അടിയന്തരദുരിതാശ്വാസമായി ജില്ലകൾക്ക് 22.50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്നു ദിവസത്തേക്കു കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് മേപ്പാടിയിൽ പുത്തൂർ മലയിലെ ഉരുൾപൊട്ടലിൽ മരിച്ച ഒൻപത് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ സൈന്യം എത്തിയിട്ടുണ്ട്. വയനാട്ടിൽ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മലപ്പുറം നിലമ്പൂർ പോത്തുകൽ ഭൂതാനംമുത്തപ്പൻ മലയിലുണ്ടായ ഉരുൾപൊട്ടലിൽ 40 പേർ മണ്ണിനടിയിൽ കുടുങ്ങിയെന്നാണ് ആശങ്ക. മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി.

രണ്ടു പേരെ രക്ഷപെടുത്തി. എൻ. ഡി. ആർ. എഫ്, പോലീസ്, ഫയർഫോഴ്‌സ് എന്നിവരുടെ സംഘം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കാലാവസ്ഥ ദുഷ്‌കരമായതിനാൽ വേണ്ടരീതിയിൽ രക്ഷാപ്രവർത്തനം മുന്നോട്ടു പോകുന്നില്ല. മണ്ണിടഞ്ഞ് വഴി തടസപ്പെട്ടിട്ടുണ്ട്. ഇവിടെയുള്ള പാലത്തിലൂടെ വലിയ യന്ത്രങ്ങൾ കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ട്.

സംസ്ഥാനത്ത് 738 ക്യാമ്പുകളിലായി 15748 കുടുംബങ്ങളിലെ 64013 പേർ കഴിയുന്നുണ്ട്. ദേശീയദുരന്ത നിവാരണ പ്രതികരണ സേനയുടെ 12 ടീമുകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. മലപ്പുറത്ത് രണ്ടും വയനാട്ടിൽ മൂന്നും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിൽ ഒന്നു വീതവും ടീമിനെ വിന്യസിച്ചിട്ടുണ്ട്.

ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ സായുധസേനയെ വിന്യസിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഡിഫൻസ് സർവീസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇടുക്കിയിലും മലപ്പുറത്തും ആർമിയുടെ മദ്രാസ് റെജിമെന്റിനെയാണ് വിന്യസിച്ചിരിക്കുന്നത്. ഭോപ്പാലിൽ നിന്ന് ഡിഫൻസ് എൻജിനിയറിംഗ് സർവീസ് കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മഴ, മണ്ണിടിച്ചിൽ, മരം വീഴ്ച കാരണമാണ് തടസമുണ്ടായിരിക്കുന്നത്. ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിനുകൾ വഴിയിൽ കുടുങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ കുടുങ്ങിയവരെ സുരക്ഷിതരായ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.