പത്തനംതിട്ട: നാഷണല്‍ ഗ്രീന്‍ട്രൈബ്യൂണല്‍ ഉത്തരവുമായി ബന്ധപ്പെട്ട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.  നാഷണല്‍ ഗ്രീന്‍ട്രൈബ്യൂണല്‍ ഉത്തരവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ ആദ്യഘട്ടത്തില്‍ മാതൃകയായി തെരഞ്ഞെടുത്ത കുളനട, തുമ്പമണ്‍, ആറന്മുള ഗ്രാമപഞ്ചായത്തുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അവതരിപ്പിച്ചു. മികച്ച പ്രവര്‍ത്തനം നടത്തിയ മൂന്ന് പഞ്ചായത്തുകളേയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. ജില്ലയിലെ മറ്റ് തദ്ദേശസ്ഥാപനങ്ങള്‍ എല്ലാം നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

അതിനാല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കൃത്യമായ മാലിന്യശേഖരണവും സൂക്ഷിച്ചുവക്കാനുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകളും  ഉണ്ടായിരിക്കണം. കൂടാതെ നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലും റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററുകള്‍ പ്രവര്‍ത്തിക്കണം.

മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ്മസേനയോ മറ്റ് ഏജന്‍സികളോ ഉണ്ടായിരിക്കണം. കൂടാതെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് നൂതന പദ്ധതികള്‍  ഏറ്റെടുക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി എല്ലാ തദ്ദേശസ്ഥാപനങ്ങളും മാലിന്യസംസ്‌കരണ രംഗത്ത് മാതൃകയാകണമെന്നും കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രകടനം കാഴ്ച്ച വച്ച വില്ലേജ് എക്റ്റന്‍ഷന്‍ ഓഫീസര്‍മാരെ ആദരിച്ചു. ജില്ലയില്‍ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേയും മികച്ച പ്രകടനം കാഴ്ച്ചവച്ച വി.ഇ.ഒ മാരെയാണ് ആദരിച്ചത്.

ഇവര്‍ക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹ് മെമന്റോയും, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ബി.ആര്‍ ബില്‍കുല്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വി. വിനോദ്, പറക്കോട്‌ബ്ലോക്കിലെ ജി.പ്രദീപ്, കോയിപ്രം ബ്ലോക്കിലെ വി.അജി, റാന്നിബ്ലോക്കിലെ ഡി.ദീപു, പുളിക്കീഴ്‌ബ്ലോക്കിലെ വികാസ്‌ജേക്കബ്, കോന്നിബ്ലോക്കിലെ എസ്. നവാസ്, മല്ലപ്പള്ളിബ്ലോക്കിലെ പി.എസ് ഏബ്രഹാം, പന്തളംബ്ലോക്കിലെ ഡിഎസ് ദീപക് എന്നിവരെയാണ് ആദരിച്ചത്.

യോഗത്തില്‍ എ.ഡി.എംഅലക്‌സ് പി. തോമസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ജി.ആര്‍.ബില്‍കുല്‍, സംസ്ഥാന ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.രശ്മി മോള്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, മലിനീകരണനിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അലക്‌സാണ്ടര്‍ജോര്‍ജ്, പ്രോജക്ട് ഡയറക്ടര്‍ എന്‍.ഹരി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.