മത്‌സ്യബന്ധന ബോട്ടുകളിൽ ഘടിപ്പിക്കുന്ന നാവിക് റിസീവർ ഉപയോഗിച്ച് മത്‌സ്യത്തൊഴിലാളികൾക്ക് കരയിലേക്ക് സന്ദേശം നൽകാനാവുന്ന സംവിധാനം പരിഗണനയിൽ. നിലവിൽ മത്‌സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ സംബന്ധിച്ചും കടലിലെ മാറ്റങ്ങളെക്കുറിച്ചും മത്‌സ്യസമ്പത്തിനെക്കുറിച്ചുമൊക്കെയുള്ള വിവരമാണ് നാവിക് മുഖേന ലഭിക്കുന്നത്. എന്നാൽ തിരിച്ച് സന്ദേശം നൽകാനാവില്ല. കടലിൽ നിന്ന് കരയിലേക്ക് സന്ദേശം അയയ്ക്കാനുള്ള സംവിധാനം കൂടി നാവിക്കിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഐ. എസ്. ആർ. ഒയോട് കേരളം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇരുവശത്തുനിന്നുമുള്ള ആശയവിനിമയം സാധ്യമാകുന്ന സീ മൊബൈൽ സംവിധാനത്തിന് നിലവിൽ ഒരു യൂണിറ്റിന് 35,000 രൂപ വരെ ചെലവുവരും. സമാനമായ സംവിധാനം 15,000 രൂപയിൽ താഴെ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഐ. എസ്. ആർ. ഒ നടത്തുന്നത്. എന്നാൽ ഇതിന് കൂടുതൽ സമയം ആവശ്യമായ സാഹചര്യത്തിൽ നാവിക് റിസീവറിൽ ചെറിയ പരിഷ്‌കാരം വരുത്തി സന്ദേശം കരയിലേക്ക് നൽകാനുള്ള സംവിധാനമാണ് അടിയന്തരമായി പരിഗണിക്കുന്നത്. ഇതിനായി നാവികിൽ കൃത്യമായ സന്ദേശം ഉൾക്കൊള്ളുന്ന പ്രത്യേക ബട്ടണുകൾ സജ്ജീകരിക്കാനാണ് ആലോചന. ഐ. എസ്. ആർ. ഒ സയന്റിഫിക് സെക്രട്ടറി ദിവാകറിന്റെ നേതൃത്വത്തിലാണ് നാവികുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നത്.
ഇന്ത്യയുടെ ഐ. ആർ. എൻ. എസ്. എസിനു കീഴിലുള്ള ഏഴു ഉപഗ്രഹങ്ങൾ ഉൾക്കൊള്ളുന്നതാണ് നാവിക് സംവിധാനം. ഉപഗ്രഹങ്ങളിൽ നിന്നുള്ള സന്ദേശം ബാംഗ്‌ളൂരിലെ ഐ. എസ്. ആർ. ഒയുടെ ഇസ്ട്രാക് കേന്ദ്രം വിശകലനം ചെയ്ത് ഇൻകോയിസ് വഴി നാവിക് റിസീവറിലെത്തിക്കുന്നതാണ് നിലവിലെ സംവിധാനം. ബോട്ടുകളിൽ ഒരു രൂപ നാണയ വലിപ്പത്തിലുള്ള ആന്റിന സ്ഥാപിച്ച് ഇത് സോപ്പു പെട്ടി വലിപ്പത്തിലുള്ള സെറ്റിലേക്ക് കണക്ട് ചെയ്താണ് പ്രവർത്തിക്കുന്നത്. സെറ്റ് പവർബാങ്ക് ഉപയോഗിച്ചാണ് ചാർജ് ചെയ്യുന്നത്. ബ്‌ളൂടൂത്ത് വഴി ആൻഡ്രോയിഡ് മൊബൈൽ ഫോണിലേക്ക് സന്ദേശം സമയാസമയങ്ങളിൽ എത്തും. മത്‌സ്യെത്താഴിലാളികളുടെ മൊബൈൽ ഫോണിൽ ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യും. നിലവിൽ ഇംഗ്‌ളീഷിലാണ് സന്ദേശം ലഭിക്കുന്നതെങ്കിലും അത് ഉടൻ മലയാളത്തിൽ ലഭിക്കാൻ വേണ്ട സംവിധാനമൊരുക്കും. ഇതുകൂടാതെ മലയാളത്തിൽ വോയിസ് സന്ദേശവും ലഭിക്കും.
നാവിക് റിസീവറിലൂടെ മത്‌സ്യത്തൊഴിലാളികൾക്ക് കരയിലേക്ക് സന്ദേശം നൽകാനാവുന്ന സംവിധാനം പരിഗണനയിൽ
Home /പൊതു വാർത്തകൾ/നാവിക് റിസീവറിലൂടെ മത്‌സ്യത്തൊഴിലാളികൾക്ക് കരയിലേക്ക് സന്ദേശം നൽകാനാവുന്ന സംവിധാനം പരിഗണനയിൽ