കാഞ്ചിയാര്‍ കക്കാട്ട് കടയില്‍ നിന്നും വിനോദ സഞ്ചാര കേന്ദ്രമായ അഞ്ചുരുളി തുരങ്കം മുഖത്തേക്ക് പോകുന്ന റോഡിലാണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്. ഗ്രാമപഞ്ചായത്തിന്റെയും അഞ്ചുരുളി ടൂറിസം കള്‍ച്ചറല്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് മണ്ണ് നീക്കം ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കി. കൂടുതല്‍ മണ്ണിടിഞ്ഞിടത്ത് ജെസിബി ഉപയോഗിച്ചാണ് മണ്ണ് മാറ്റിയത്. അഞ്ചുരുളി ആദിവാസി കുടിയിലേക്കുള്ള റോഡും മണ്ണ് നീക്കി ഗതാഗതയോഗ്യമാക്കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ ശശിയും മുന്‍ പ്രസിഡന്റ് മാത്യു ജോര്‍ജും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
കാഞ്ചിയാര്‍ അഞ്ചുരുളി മേഖലയില്‍ വിവിധ ഇടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി കൃഷിയിടങ്ങളും റോഡും തകര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂര്‍ ആയി പെയ്യുന്ന ശക്തമായ മഴയിലാണ് കാഞ്ചിയാര്‍ അഞ്ചുരുളി മേഖലയില്‍ വിവിധയിടങ്ങളിലായി ചെറുതും വലുതുമായി ആറോളം ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ നാലോളം വീടുകള്‍ പൂര്‍ണമായും നശിച്ചു. അപകട ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്തു നിന്നും ആളുകളെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

കാഞ്ചിയാര്‍ വനിത സാംസ്‌കാരിക നിലയത്തിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. 47 കുടുംബങ്ങളില്‍ നിന്നായി 74 പേര്‍ ഇവിടെ താമസിച്ചു വരുന്നു. മഴ ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് അവശ്യമായ മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.ശശി പറഞ്ഞു.