കനത്ത മഴ കുറഞ്ഞ സാഹചര്യത്തില്‍  അടിമാലി മേഖല സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി.താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൂര്‍ണ്ണമായി ഇറങ്ങി.കല്ലാര്‍കുട്ടി കത്തിപ്പാറ ലിങ്ക് റോഡിലേക്ക് ഇടിഞ്ഞെത്തിയ കൂറ്റന്‍പാറ പൊട്ടിച്ച് നീക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രസിഡന്റ് റ്റി ആര്‍ ബിജി അറിയിച്ചു.

അടിമാലിയില്‍ നിന്നും മാങ്കുളം,രാജാക്കാട്,മുരിക്കാശ്ശേരി,പണിക്കന്‍കുടി,മൂന്നാര്‍,കോതമംഗലം തുടങ്ങിയ ഇടങ്ങളിലേക്ക് സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വ്വീസ് പുനരാരംഭിച്ചു.ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് തുറന്ന കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചിട്ടില്ല.അടിമാലി മേഖലയില്‍ തുറന്ന ക്യാമ്പുകളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നു.

തകര്‍ന്ന ടെലിഫോണ്‍,വൈദ്യുതി ബന്ധങ്ങള്‍ ഏറെക്കുറെ പുനസ്ഥാപിക്കപ്പെട്ടതോടെ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തി.അതേ സമയം അടിമാലി കുമളി ദേശിയപാതയില്‍ മാത്രം പൂര്‍ണ്ണമായി ഇനിയും ഗതാഗതം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.പാതയുടെ വിവിധ ഭാഗങ്ങളില്‍ വിള്ളലുകള്‍ സംഭവിച്ചിട്ടുള്ളതാണ് ഗതാഗത തടസ്സത്തിന് കാരണം.