മന്ത്രി സി. രവീന്ദ്രനാഥ് ഇന്നലെ ജില്ലയിലെ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. വാഴത്തോപ്പ് വഞ്ചിക്കവല സെന്റ് ജോര്‍ജ് സ്‌കൂളിലാണ് ആദ്യം സന്ദര്‍ശനം നടത്തിയത്. അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അന്തേവാസികളുടെ ക്ഷേമം അദ്ദേഹം ചോദിച്ചറിഞ്ഞു.
എല്ലാവര്‍ക്കും വൈദ്യസഹായവും നല്‍കുന്നുണ്ട്. ഒരു കിടപ്പുരോഗിയുമുണ്ട്. അലോപ്പതി, ഹോമിയോ, ആയുര്‍വേദ വകുപ്പുകളുടെ കീഴില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം ഇവിടെ ആവശ്യക്കാര്‍ക്കു മരുന്നുകളും നല്‍കുന്നുണ്ട്. മുന്‍ എം പി ജോയ്സ് ജോര്‍ജ്, റോഷി അഗസ്റ്റിന്‍ എം എല്‍ എ, ഡി.റ്റി.പി.സി എക്സിക്യൂട്ടീവ് അംഗം സി. വി. വര്‍ഗീസ്, സ്പെഷല്‍ ഓഫീസര്‍ ജീവന്‍ബാബു തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വാത്തിക്കുടി വില്ലേജിലെ രാജപുരത്ത് ആവേമരിയ ക്രിസ്തുരാജ പള്ളി പാരിഷ് ഹാളിലെ ക്യാമ്പാണ് രണ്ടാമത് സന്ദര്‍ശിച്ചത്. അവിടെ 16 കുടുംബങ്ങളില്‍ നിന്നായി കുട്ടികള്‍ ഉള്‍പ്പെടെ 54 പേര്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഇവിടെ ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചതാണ്.
രാജപുരത്ത് മണ്ണിടിഞ്ഞു കൃഷി നശിച്ച വെള്ളക്കൊളമ്പേല്‍ ദേവസ്യ, കാക്കല്ല് ഷാജി, തെക്കെമുറിയില്‍ തേക്കിന്‍തണ്ട് ബാലന്‍ എന്നിവരുടെ കൃഷിയിടങ്ങളും മന്ത്രി സന്ദര്‍ശിച്ചു. ഇതില്‍ ദേവസ്യയ്ക്ക് കഴിഞ്ഞവര്‍ഷവും കൃഷി നഷ്ടമുണ്ടായി. ദേവസ്യയുടെ കൃഷിയിടം ഇപ്രാവശ്യവും ഒലിച്ചുപോയി. അടിമാലിയിലെ ക്യാമ്പിലാണ് മന്ത്രി മൂന്നാമത് സന്ദര്‍ശനം നടത്തിയത്.