കട്ടപ്പന നഗരസഭ പരിധിയില്‍ മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവരുടെ വിവര ശേഖരണം ആരംഭിച്ചു. ഇതിനായി രൂപീകരിച്ച ജോയിന്റ് കമ്മറ്റി അംഗങ്ങള്‍ ഉരുള്‍പൊട്ടലിലും, മണ്ണിടിച്ചിലിലും തകര്‍ന്ന വീടുകള്‍, ഒലിച്ചുപോയ കൃഷിയിടങ്ങള്‍ തുടങ്ങിയവയെല്ലാം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.

നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കട്ടപ്പന
വില്ലജ് ഓഫീസര്‍ ജയ്‌സണ്‍ ജോര്‍ജ്, നഗരസഭാസെക്രട്ടറി വി.ബി. അജിത്ത് കുമാര്‍,ഓവര്‍സിയര്‍ ദീപാമോള്‍ സ്‌കറിയ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരടങ്ങിയ ടീം പ്രധാനപ്പെട്ട എല്ലാ ദുരിതമേഖലകളും സന്ദര്‍ശിച്ചു.

കട്ടപ്പന നഗരസഭയുടെ മുളകര മേട്, തവളപ്പാറ, കുന്തളംപാറ മേഖലകളിലാണ് കൂടുതലായും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്.പൂര്‍ണ്ണമായും ഭാഗികമായും നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഏക്കറുകണക്കിന് കൃഷിഭൂമി ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി.

നഷ്ടം സംഭവിച്ചതിന്റെ കൃത്യമായ കണക്ക് സര്‍ക്കാര്‍ തലങ്ങളില്‍ സമയബന്ധിതമായി നല്‍കിയെങ്കിലേ സഹായങ്ങളും യഥാസമയം  ലഭിക്കൂ.ഇതിനായിട്ടാണ് നഗരസഭയുടെ നേതൃത്വത്തില്‍ വിവരശേഖരണം നടത്തുന്നത്. പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍, ഭാഗികമായി തകര്‍ന്ന വീടുകള്‍, നാശനഷ്ടം സംഭവിച്ച വീട്ടുപകരണങ്ങള്‍ എന്നിങ്ങനെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.