ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും തദ്ദേശസ്ഥാപനങ്ങൾ അടിയന്തരനടപടി സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലറിറക്കി.

പ്രകൃതി ദുരന്തത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന വിധം ഗതാഗതയോഗ്യമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

പ്രകൃതിക്ഷോഭത്തിൽ മരിച്ചവരുടെ സംസ്‌കാരം ഉചിതമായ രീതിയിൽ നടത്തുന്നതിന് സഹായം ആവശ്യമുണ്ടെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ റവന്യു അധികൃതരുമായി സഹകരിച്ച് നടപടി സ്വീകരിക്കണം. ക്യാമ്പുകളിലെ അന്തേവാസികൾക്ക് സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ടെങ്കിൽ അതിനായി വാഹന സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തണം.

ക്യാമ്പുകളിൽ കുടിവെള്ളം, ഭക്ഷണം, ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണം. ടോയിലറ്റ് സൗകര്യം ലഭ്യമല്ലാത്തയിടങ്ങളിൽ ശുചിത്വ മിഷന്റെ സഹായത്തോടെ താത്ക്കാലിക ടോയിലറ്റ് സംവിധാനം ഒരുക്കണം. ഹൃദയ, കിഡ്‌നി, കരൾ രോഗങ്ങൾക്ക് ചികിത്‌സയിലിരിക്കുന്നവരും മറ്റ് അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവരും പാലിയേറ്റീവ് ശ്രദ്ധ ആവശ്യമുള്ളവർ, ഡയാലിസിസ് വേണ്ടവർ എന്നിവരുടെ ആരോഗ്യസംരക്ഷണത്തിനാവശ്യമായ കാര്യങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് കൈക്കൊള്ളാൻ കുടുംബശ്രീ പ്രവർത്തകർ ശ്രദ്ധിക്കണം.

ദുരിതാശ്വാസ ക്യാമ്പിൽ പകർച്ചവ്യാധി പടരാതിരിക്കാൻ പ്രത്യേകം കരുതൽ സ്വീകരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള കുടുംബശ്രീ പ്രവർത്തകർ ക്യാമ്പ് നടത്തിപ്പിലും ഭക്ഷണം പാകം ചെയ്യലിലും മാലിന്യ സംസ്‌കരണത്തിലും സജീവമായി സഹരിക്കുന്നുവെന്ന് കുടുംബശ്രീ അധികൃതർ ഉറപ്പുവരുത്തണം.

ദുരിതക്കെടുതി മൂലമുള്ള മാനസിക ആഘാതത്തെ അതിജീവിക്കാൻ ആവശ്യമായ കൗൺസലിംഗ് കുടുംബശ്രീ മുഖേന ഏർപ്പാടാക്കണം. ദുരന്ത മേഖലകളിൽ ആവശ്യത്തിന് സാങ്കേതിക വിഭാഗം ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സേവനം താരതമ്യേന പ്രളയദുരന്തം ബാധിക്കാത്ത തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പുനർവിന്യസിച്ച് ഉറപ്പാക്കണം.

ആദിവാസി മേഖലയിലുൾപ്പെടെ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തര സഹായം, മരുന്ന്, കുടിവെള്ളം, ഭക്ഷണം എന്നിവ എത്തിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലെ ആവശ്യകത ജില്ലാ ഭരണകൂടങ്ങളെ അറിയിക്കുകയും അവരുടെ നേതൃത്വത്തിൽ മാത്രം ക്യാമ്പുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. മുൻ വർഷത്തെ പ്രളയത്തിൽ ഓഫീസുകൾക്ക് നാശനഷ്ടം ഉണ്ടായതും ഇപ്പോൾ പ്രളയഭീഷണി ഉള്ളതുമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഫലയുകളും രേഖകളും കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.