വയനാട്: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെത്തിയ സ്പെഷ്യൽ ഓഫീസർ യു.വി ജോസ് വിലയിരുത്തി.

കൽപ്പറ്റ എസ്.കെ.എം.ജെ മെറ്റീരിയൽ കളക്ഷൻ സെന്റർ, സുൽത്താൻബത്തേരി താലൂക്ക് ഓഫീസിലെ കളക്ഷൻ സെന്റർ എന്നിവ സന്ദർശിച്ചു. തുടർന്ന് കല്ലൂർ ജി.എച്ച്.എസ്, കൊഴുവണ ജി.എൽ.പി എന്നിവടങ്ങളിലെ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ക്യാമ്പുകളിൽ താമസിക്കുവർക്കുള്ള ഭക്ഷണലഭ്യത, കിടക്കാനുള്ള സൗകര്യങ്ങൾ, കുടിവെള്ളം, ശൗചാലയങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അന്തേവാസികളിൽ നിന്നും സ്പെഷ്യൽ ഓഫീസർ വിവരങ്ങൾ ആരാഞ്ഞു. സൗകര്യങ്ങൾ കുറവുള്ള കേന്ദ്രങ്ങളിൽ അടിയന്തരമായി സജ്ജീകരണം ഒരുക്കാൻ നിർദ്ദേശം നൽകി.

ക്യാമ്പ് നടത്തിപ്പിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും നിർദ്ദേശിക്കണം. കല്ലൂർ സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ കാക്കത്തോട്, ചാടകപ്പുര തുടങ്ങിയ കോളനികളിൽ നിന്നുമുള്ള 238 പേരാണ് താമസിക്കുന്നത്.

നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സ്‌കൂൾ പി.ടി.എയുടെയും ജനപ്രതിനിധികളുടെയും കൂട്ടായ സഹകരണത്തോടെയാണ് ക്യാമ്പിന്റെ പ്രവർത്തനം. കല്ലിങ്കര ജി.യു.പി യിൽ 58 പേരാണ് താമസിക്കുന്നത്. ഇവർക്ക് സ്‌കൂളിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സമീപത്തുളള വെള്ളച്ചാൽ കോളനിയിലെ അന്തേവാസികളാണ് ഇവിടെ കൂടുതലും എത്തിയിട്ടുള്ളത്.

മഴക്കാലമായാൽ വർഷങ്ങളായി സ്ഥിരിമായി ഇവർക്ക് ക്യാമ്പിൽ അഭയം തേടേണ്ട അവസ്ഥയാണെന്ന് കോളനിവാസികൾ സ്പെഷ്യൽ ഓഫീസറോട് പരാതി പറഞ്ഞു. പൂർത്തിയാകാത്ത വീടുകളുടെയും റോഡിന്റെ അഭാവവും കോളനിവാസികൾ ചൂണ്ടിക്കാട്ടി. ലൈഫ് മിഷൻ പദ്ധതിയിലെ വീടുകളുടെ നിർമ്മാണം സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് യു.വി.ജോസ് കോളനിവാസികോളോട് പറഞ്ഞു.

ക്യാമ്പുകളിൽ സാധനങ്ങൾ എത്തിക്കുന്നതിനായി മൂന്ന് താലൂക്കിലും കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും ഈ കേന്ദ്രങ്ങളിൽ സഹായങ്ങൾ എത്തിക്കാം. ഇവിടെ നിന്നും ക്യാമ്പുകളിലേക്ക് ആവശ്യം അനുസരിച്ച് വിതരണം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയതായും സ്പെഷ്യൽ ഓഫീസർ പറഞ്ഞു.