പത്തനംതിട്ട: ‘ആഹാരത്തിനുള്ളതും ചികിത്സാ സൗകര്യങ്ങളും കുടിവെള്ളവുമെല്ലാം കൃത്യമായി ലഭിക്കുന്നുണ്ട് സാര്‍.ക്യാമ്പ് തുടങ്ങിയതു മുതല്‍ ഞങ്ങള്‍ ഇരുപതു കുടുംബങ്ങളും ഇരതോടിലെ സെന്റ് ജോര്‍ജ് യു.പി സ്‌കൂള്‍ ക്യാമ്പില്‍ തന്നെയാണ്.

ഞങ്ങളുടെ കുട്ടികള്‍, വളര്‍ത്തുമൃഗങ്ങള്‍ വരെ ഈ ക്യാമ്പിലുണ്ട് സാര്‍”- നന്നായി കാര്യങ്ങള്‍ വിശദീകരിച്ച സ്ത്രീ ആരാണെന്ന മന്ത്രി കെ രാജുവിന്റെ ചോദ്യത്തിന് ലഭിച്ച ഉത്തരം നിരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. പേര് വിമലാ രാമചന്ദ്രന്‍.

കൂടുതല്‍ വിശദമാക്കിയപ്പോള്‍ താനും ഈ ക്യാമ്പിലെ അന്തേവാസിയാണെന്ന് വിമല പറഞ്ഞു.
‘എന്റെ വീട്ടിലും വെള്ളപ്പൊക്കത്തില്‍ വെള്ളം കയറി. ക്യാമ്പ് തുടങ്ങിയതു മുതല്‍ ഞങ്ങള്‍ ഇരുപത് കുടുംബങ്ങള്‍ ക്യാമ്പിലുണ്ട്”-ഇതു പറയുമ്പോള്‍ വിമലയുടെ ശബ്ദമിടറി.

മുട്ടറ്റം വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ്  ഇപ്പോഴും സെന്റ് സെന്റ് ജോര്‍ജ് യു പി സ്‌കൂളും പള്ളി പരിസരവും. വെള്ളത്തിലൂടെ നടക്കേണ്ടതിനാല്‍ എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധമരുന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയതായും വിമലാ രാമചന്ദ്രന്‍ പറഞ്ഞു.

സ്‌കൂള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു  ആദ്യ ദിവസം. മുട്ടറ്റം വെള്ളത്തിലൂടെ വേണം ഇപ്പോഴും ക്യാമ്പിലേക്കെത്താന്‍. വെള്ളം ഉടന്‍ കുറയുമെന്നും സാധാരണ ജീവിതത്തിലേക്ക് ഉടന്‍ മടങ്ങിച്ചെല്ലാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇവര്‍.