രാജ്യത്തിന്റെ 73 ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാകയുയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു.
ശംഖുംമുഖം അസി: കമ്മീഷണർ ആർ. ഇളങ്കോ ആയിരുന്നു പരേഡ് കമാൻഡർ. തിരുവനന്തപുരം സിറ്റി ആംഡ് റിസർവ് അസി. കമാൻഡന്റ് വി. സുരേഷ് ബാബു ആയിരുന്നു സെക്കൻഡ് ഇൻ കമാൻഡ്.

സായുധ സേനാ ഘടകങ്ങളായ മലബാർ സ്പെഷ്യൽ പോലീസ്, സ്പെഷ്യൽ ആംഡ് പോലീസ്, കേരള സായുധ പോലീസിന്റെ അഞ്ച് ബറ്റാലിയനുകൾ, കേരള സായുധ വനിതാ പോലീസ് ബറ്റാലിയൻ, ഇന്ത്യാ റിസർവ് ബറ്റാലിയൻ, റാപ്പിഡ് റെസ്‌പോൺസ് റെസ്‌ക്യൂ ഫോഴ്‌സ്, തമിഴ്നാട് സ്റ്റേറ്റ് പോലീസ്, കേരള ജയിൽ വകുപ്പ്, കേരള എക്സൈസ് വകുപ്പ്, സായുധരല്ലാത്ത ഘടകങ്ങളായ കേരള ഫയർ ആന്റ് റെസ്‌ക്യു സർവീസസ്, കേരള വനം വകുപ്പ്, കേരള മോട്ടോർ വാഹന വകുപ്പ് എന്നിവർ പരേഡിൽ അണിനിരന്നു.

സൈനിക സ്‌കൂൾ, എൻ.സി.സി സീനിയർ ഡിവിഷൻ ആർമി (ആൺകുട്ടികൾ), സീനിയർ വിംഗ് ആർമി (പെൺകുട്ടികൾ), എൻ.സി.സി സീനിയർ ഡിവിഷൻ നേവൽ വിംഗ്, എൻ.സി.സി ജൂനിയർ ഡിവിഷൻ എയർവിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (ആൺകുട്ടികളും പെൺകുട്ടികളും), സ്‌കൗട്ട്സ്, ഗൈഡ്സ്, തിരുവനന്തപുരംസിറ്റി അശ്വാരൂഢ പോലീസ് എന്നിവരും സംബന്ധിച്ചു.

തിരുവനന്തപുരം സിറ്റി പോലീസിന്റെയും കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്റെയും ബ്രാസ് ബാന്റ്, സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയന്റെയും കേരള പോലീസ് ആംഡ് പോലീസ് അഞ്ചാം ബറ്റാലിയന്റെയും പൈപ്പ് ബാൻഡും പരേഡിൽ പങ്കെടുത്തു.
തുടർന്ന്, രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, കറക്ഷണൽ സർവീസ് മെഡലുകൾ, ജീവൻ രക്ഷാ പതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു.


2019 ലെ പരേഡിൽ ഏറ്റവും നല്ല പോലീസ് കണ്ടിജന്റിനുള്ള മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫി സ്പെഷ്യൽ ആംഡ് പോലീസും ഏറ്റവും നല്ല നോൺ പോലീസ് കണ്ടിജന്റിനുള്ള റോളിംഗ് ട്രോഫി മോട്ടോർ വാഹന വകുപ്പിനും മുഖ്യമന്ത്രി സമ്മാനിച്ചു. സായുധസേന പതാകദിനത്തിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ചവർക്കുള്ള മുഖ്യമന്ത്രിയുടെ റോളിംഗ് ഷീൽഡും സമ്മാനിച്ചു.


തിരുവനന്തപുരമാണ് കൂടുതൽ തുക സമാഹരിച്ച ജില്ല. കാസർകോട് പ്രോത്സാഹന സമ്മാനം ഏറ്റുവാങ്ങി. മലപ്പുറം എൻ.സി.സി 29 (കെ) ബറ്റാലിയനും മലപ്പുറം പി.എസ്.എം.ഒ കോളേജും കൂടുതൽ തുക സമാഹരിച്ചവർക്കുള്ള സമ്മാനം ഏറ്റുവാങ്ങി. എൻ.സി.സിയുടെ അശ്വാഭ്യാസപ്രകടനങ്ങൾ ഇത്തവണത്തെ ചടങ്ങുകളുടെ പ്രത്യേകതയായിരുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.