കണ്ണൂർ: കാനാമ്പുഴ അതിജീവനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാനാമ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടത് മേഖലയില്‍ ഇത്തവണത്തെ വെള്ളപ്പൊക്കം രൂക്ഷമായതിനുള്ള കാരണങ്ങളിലൊന്നാണെന്ന് വിലയിരുത്തപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുന്നതിനുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താഴെ ചൊവ്വ പുതിയ പാലത്തിനു കീഴില്‍ കെട്ടിക്കിടക്കുന്ന കല്ലും മണ്ണും ഉള്‍പ്പെടെയുള്ളവ അടിയന്തരമായി നീക്കം ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കാനാമ്പുഴയ്ക്ക് കുറുകെയുള്ള കുഴിക്കോം പാലത്തിനു സമീപത്തെ ഓവുചാലുകള്‍ അടഞ്ഞിരിക്കുകയാണ്. പ്രളയത്തില്‍ വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് പകരം വീടൊരുങ്ങുന്നതു വരെ താമസിക്കാന്‍ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂടിക്കിടക്കുന്ന ഓടകള്‍ വൃത്തിയാക്കുന്നതിനും ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിലുള്ള നിര്‍മിതികളും മറ്റും നീക്കം ചെയ്യാനും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. പ്രളയവേളയില്‍ കടല്‍ത്തീരങ്ങളിലും പുഴക്കരകളിലും മറ്റും അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വൃത്തിയാക്കി സംസ്‌കരണ പ്ലാന്റുകള്‍ക്ക് കൈമാറുന്നതിന് ഒരു സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ഡിടിപിസി, എന്‍എസ്എസ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, യുവജന- സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പിലാക്കുകയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) എന്‍ കെ എബ്രഹാം, കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവന്‍, കണ്ണൂര്‍ മണ്ഡലത്തിലെ വില്ലേജ് ഓഫീസര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.