കാക്കനാട്: സിവില്‍സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരുടെയും ജീവനക്കാരുടെയും സുന്ദര മുഖങ്ങള്‍ ക്യാന്‍വാസിലേക്ക് വരഞ്ഞൊഴുകിയ ദിനമായിരുന്നു ഇന്നലെ. തങ്ങളുടെ രസകരമായ ചിത്രങ്ങള്‍ കൈയ്യില്‍കിട്ടിയവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കി ചിത്രങ്ങളുമായി മടങ്ങി.
കാര്‍ട്ടൂണ്‍ക്ലബ്ബും സര്‍വ്വീസ് സംഘടനയും ഓണ്‍ലൈന്‍ കൂട്ടായ്മയും സംയുക്തമായി സിവില്‍സ്‌റ്റേഷനില്‍ സംഘടിപ്പിച്ച ‘ഡ്രോ ഫോര്‍ കേരള’ ലൈവ് കാരിക്കേച്ചര്‍ ഷോ സംസ്ഥാനത്തിന്റെ അതിജീവനത്തിനായുള്ള കലാകാരന്മാരുടെ മികച്ച പ്രകടനമായി മാറി.
തിരക്കുകള്‍ക്കിടയിലും നിരവധിപേര്‍ കാരിക്കേച്ചര്‍ ക്യാമ്പയിനില്‍ പങ്കെടുക്കുന്നതിനായി മുന്നോട്ട് വന്നു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ഇരുനൂറിലധികം പേരുടെ കാരിക്കേച്ചറുകളാണ് വരച്ചത്. ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച 20000 രൂപ വൈകീട്ട് ജില്ലാ കളക്ടര്‍ക്ക് കലാകാരന്മാര്‍ കൈമാറി.
കാര്‍ട്ടൂണ്‍ മാന്‍ ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തില്‍ അഞ്ച് കാര്‍ട്ടൂണ്‍ കലാകാരന്മാരാണ് ക്യാമ്പയിനില്‍ പങ്കെടുത്തത്. ഡെപ്യൂട്ടി കളക്ടര്‍ എബ്രഹാം ഫിറ്റ്‌സ് ജെറാള്‍ഡ് മൈക്കിള്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം അസലഫ് പാറേക്കാടന്‍, കലാകാരന്മാരായ അസ്സീസ് കരുവാരക്കുണ്ട്, നിഷാന്ത് ഷാ തോണൂര്‍ക്കര, നിസ്സാര്‍ കാക്കനാട്, ഹസ്സന്‍ കോട്ടേപ്പറമ്പില്‍ എന്നിവര്‍ ക്യാമ്പയിനില്‍ പങ്കെടുത്തു.