കാക്കനാട്: ജില്ലയിലെ വിവിധ താലൂക്കുകളിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ വിദഗ്ദ്ധസംഘം പഠനം നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയില്‍ നിന്നുള്ള രണ്ട് സംഘങ്ങളാണ് ജില്ലയിലെ വിവിധ താലൂക്കുകളില്‍ പഠനം നടത്തുന്നത്.

കോതമംഗലം, കണയന്നൂര്‍, മൂവാറ്റുപുഴ, ആലുവ, കുന്നത്തുനാട് താലൂക്കുകളിലാണ് പഠനം നടത്തുക. ഏറ്റവുമധികം ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളുള്ള കോതമംഗലം താലൂക്കിലാണ് സംഘം ആദ്യ പഠനം നടത്തും. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി.

ജില്ലാ അടിയന്തരഘട്ട കാര്യ നിര്‍വ്വഹണ കേന്ദ്രത്തിലെത്തിയ സംഘത്തിന് ജില്ലയിലെ ദുരന്തസാധ്യതാ പ്രദേശങ്ങളുടെ വിവരങ്ങള്‍ ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍ കൈമാറി. ഒരു ജിയോളജിസ്റ്റും സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറുമടങ്ങുന്ന രണ്ട് സംഘങ്ങളാണ് പഠനം നടത്തി റിപ്പോര്‍ട്ട് കൈമാറുന്നത്.

ജിയോളജിസ്റ്റുകളായ എം. മനോജ്, മഞ്ചു സി.എസ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍മാരായ സ്മിത എം.എസ്, അമ്പിളി .പി എന്നിവരാണ് വിദഗ്ദ്ധസംഘം.