ആലുവ: വാഴക്കുളം കുടുംബാരോഗ്യകേന്ദ്രത്തിന്‌ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻ ക്യു എ എസ് – National Quality Assurance Standards) ലഭിച്ചു. എൻ ക്യു എ എസ് നേടുന്ന ജില്ലയിലെ അഞ്ചാമത്തെ സർക്കാർ ആശുപത്രിയാണ്‌ വാഴക്കുളം കുടുംബാരോഗ്യകേന്ദ്രം.

ഒ.പി., ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ശുചിത്വം, സൗകര്യങ്ങള്‍, ഗുണമേന്മ, രോഗീ സൗഹൃദം എന്നിവ അടിസ്ഥാനമാക്കി 3500 പോയിന്റുകള്‍ വിലയിരുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്. 93 ശതമാനം മാര്‍ക്ക് നേടിയാണ്‌ കുടുംബാരോഗ്യകേന്ദ്രം ഈ നേട്ടം കൈവരിച്ചത്.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രോഗീ സൗഹൃദമാക്കി മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി 2017-18 സാമ്പത്തികവർഷമാണ്‌ വാഴക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി മാറ്റിയത്. ആരോഗ്യത്തിന്റെ വിവിധ തലങ്ങള്‍ പ്രാഥമിക തലത്തില്‍ നിര്‍വഹിക്കാന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങത്തിലൂടെ സാധിക്കുന്നുണ്ട്.

ജില്ലാതല നിരീക്ഷണത്തിലും സംസ്ഥാനതല നിരീക്ഷണത്തിലും 70 ശതമാനത്തിന് മുകളില്‍ മാര്‍ക്കു നേടുന്ന ആശുപത്രികള്‍ക്കാണ് ദേശീയ തലത്തില്‍ എന്‍.ക്യൂ.എ.എസ്. അംഗീകാരത്തിന് അപേക്ഷിക്കാന്‍ സാധിക്കുക. ദേശീയതല നിരീക്ഷണങ്ങള്‍ക്ക് ശേഷം അംഗീകാരം ലഭിച്ചാല്‍ ഓരോ വര്‍ഷവും സംസ്ഥാനതല നിരീക്ഷണവും 3 വര്‍ഷത്തിലൊരിക്കല്‍ ദേശീയതല നിരീക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എന്‍.ക്യൂ.എ.എസ്. അംഗീകാരം ലഭിക്കുന്ന ഓരോ ആശുപത്രിയ്ക്കും ഇന്‍സന്റീവ് ലഭിക്കുന്നതാണ്. ഇത് ആ ആശുപത്രിയുടെ കൂടുതല്‍ വികസനങ്ങള്‍ക്ക് വിനിയോഗിക്കുവാന്‍ സാധിക്കും.

ഈ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ കുടുംബാരോഗ്യകേന്ദ്രമാണ്‌ വാഴക്കുളം. സാമൂഹികാരോഗ്യകേന്ദ്രം (Community Health Centre) പണ്ടപ്പിള്ളി, ജനറൽ ആശുപത്രി എറണാകുളം, നഗരപ്രാഥമികാരോഗ്യകേന്ദ്രം (Urban Primary Health Centre) തൃക്കാക്കര, സാമൂഹികാരോഗ്യകേന്ദ്രം കീച്ചേരി എന്നിവയാണ്‌ മുമ്പ് അംഗീകാരം നേടിയ ജില്ലയിലെ മറ്റ് സ്ഥാപനങ്ങൾ.