കാക്കനാട്: അനധികൃത പാർക്കിംഗുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടികൾ ശക്തമാക്കുന്നു. ഓണമടക്കമുള്ള ഉത്സവ വേളകൾക്ക് മുന്നോടിയായാണ് പരിശോധനയും നടപടിയും ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി ഇടപ്പള്ളി ടോൾ ജംഗ്‌ഷൻ മുതൽ പൂക്കാട്ടുപടി റോഡിൽ വള്ളത്തോൾ ജംഗ്ഷൻ വരെയുള്ള റോഡിൽ മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തി. അനധികൃതമായി പാർക്കുചെയ്ത 50 ഓളം വാഹനങ്ങളുടെ ഉടമസ്ഥരേയും ഡ്രൈവർമാരെയും വിളിച്ചു വരുത്തി വാഹനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി ഇട്ടു. കൂടാതെ റോഡരികിൽ ഗുഡ്സ് ഓട്ടോകളിൽ അനധികൃത കച്ചവടം നടത്തിയവരെ പരിശോധനാ റിപ്പോർട്ട് എഴുതിയ ശേഷം വഴിയരികിൽ നിന്നും മാറ്റുന്നതിന് നിർദ്ദേശം നൽകി. അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ പകർത്തിയ വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. കൂടാതെ 36 വാഹനങ്ങളിൽ പിഴയടക്കാനുള്ള സ്റ്റിക്കർ പതിക്കുകയും ചെയ്തു. പരിശോധനയ്ക്ക് സ്ക്വാഡിലെ എം.വി.ഐ മാരായ സ്മിത ജോസ്, വത്സൻ.വി.കെ, ‘ജോസഫ് ചെറിയാൻ, മെൽവിൻ ക്ലീറ്റസ്, രജീഷ്.പി.ആർ എന്നിവർ നേതൃത്വം നല്കി. വരും ദിവസങ്ങളിൽ നഗരത്തിലെ മറ്റു റോഡുകളിലും കർശന പരിശോധന തുടരുമെന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനന്തകൃഷ്ണൻ അറിയിച്ചു.

ഫോട്ടോ അടിക്കുറിപ്പ്:

അനധികൃത പാർക്കിങ്ങിനെതിരെ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധന.