മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ഭൂമിയേറ്റെടുക്കലിന് സര്‍ക്കാര്‍ അനുമതിയായി. ഒന്നാം ഘട്ടത്തില്‍ കച്ചേരിത്താഴം മുതല്‍ പി.ഒ.ജംഗ്ഷന്‍ വരെയുള്ള സ്ഥലമാണ് ഏറ്റെടുത്തത്. ഇവിടത്തെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
രണ്ടാം ഘട്ടത്തില്‍ വെള്ളൂര്‍കുന്നം മുതല്‍ കച്ചേരിത്താഴം വരെയുള്ള ഭാഗത്തെ സ്ഥലങ്ങളും കെട്ടിടങ്ങളുമാണ് ഏറ്റെടുക്കുന്നത്. അടുത്ത ദിവസം തന്നെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം വിതരണം ആരംഭിക്കുമെന്ന് എൽദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
ഇതിനായി 53-പേരുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. വെള്ളൂര്‍കുന്നം വില്ലേജ് പരിധിയില്‍ 01.66 ഹെക്ടര്‍ ഭൂമിയും, മാറാടി വില്ലേജില്‍ 10.27 ഹെക്ടര്‍ ഭൂമിയടക്കം 11.93 ഹെക്ടര്‍ ഭൂമിയുമാണ് ഇതിൽ വരുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനും, വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരത്തിനും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 32.14-കോടി രൂപ കിഫ്ബിയില്‍ നിന്നും നേരത്തെ അനുവദിച്ചിരുന്നു സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി റവന്യൂ-പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ സംയുക്ത സ്ഥലപരിശോധനയും നടത്തി.
പലസ്ഥലങ്ങളിലും വര്‍ഷങ്ങല്‍ക്ക് മുമ്പ് സ്ഥാപിച്ച സര്‍വ്വേ കല്ലൂകള്‍ അപ്രത്യക്ഷമായിരിക്കുകയായിരുന്നു. ഇവിടെ വീണ്ടും സ്ഥലമളന്ന് കല്ലുകള്‍ സ്ഥാപിക്കുകയും, ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെയും, പൊളിക്കേണ്ട കെട്ടിടത്തിന്റെയും കണക്കെടുപ്പ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് നേരത്തെ 82-പേരുടെ സ്ഥലമാണ് ഏറ്റെടുത്തത്.