ടാര്‍പ്പായ മറച്ചുണ്ടാക്കിയ ചായ്പിലെ ഒന്‍പത് വര്‍ഷത്തെ ജീവിതത്തെ മടക്കി വെച്ച് അടച്ചുറപ്പുള്ള പുതിയ വീട്ടില്‍ പാലു കാച്ചി താമസത്തിനൊരുങ്ങുകയാണ് കിണാശ്ശേരി ആലക്കല്‍പറമ്പില്‍ ശെല്‍വിയും കുടുംബവും. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ലഭിച്ച വീട്ടില്‍ താമസത്തിനൊരുങ്ങുമ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപ്നം സാക്ഷാത്ക്കരിച്ച സന്തോഷത്തിലാണ് ഈ കുടുംബം.
കണ്ണാടി ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ ആലക്കല്‍പറമ്പില്‍ ഓട്ടോ ഡ്രൈവറായ കുമാരനും ഭാര്യ ശെല്‍വിയും പ്ലസ് വണ്ണിനും പ്ലസ് ടുവിനും പഠിക്കുന്ന മക്കളും വര്‍ഷങ്ങളായി തകര്‍ന്നു വീഴാറായ കുടിലിലാണ് താമസം. മഴ കനക്കുമ്പോള്‍ വെള്ളം വീടിനകത്തുകൂടെ ഒഴുകും. ടാര്‍പ്പായ വലിച്ചുകെട്ടി മറച്ചിരിക്കുന്ന വീട്ടില്‍ നിലത്തു ചാക്കുകള്‍ വിരിച്ചാണ് കിടന്നിരുന്നത്. വീട്ടില്‍ ആകെയുള്ള ഒരു കട്ടിലിലാണ് കുട്ടികള്‍ പാഠപുസ്തകങ്ങള്‍ വെച്ചിരിക്കുന്നത്. കുറഞ്ഞ സൗകര്യങ്ങള്‍ കുട്ടികളുടെ പഠനത്തെ ബാധിച്ചിരുന്നു. കനത്തു പെയ്യുന്ന മഴയത്ത് ആധിയോടെ വീട്ടിനകത്തിരുന്ന ശെല്‍വിക്കും കുടുംബത്തിനും ലൈഫ് മിഷനിലൂടെ ലഭിക്കുന്നത് ആശ്വാസത്തിന്റെ നാളുകളാണ്.
2018 ലാണ് ലൈഫ് മിഷനില്‍ ഈ കുടുംബം അപേക്ഷ വെക്കുന്ന്ത്. 2018 ഓഗസ്റ്റില്‍ ഫണ്ട് ലഭിച്ച് വീട് നിര്‍മാണം ആരംഭിച്ചു. ഏകദേശം 10 മാസത്തിനകമാണ് 420 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തിയായത്.
കണ്ണാടി പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ 187 വീടുകളാണ് അര്‍ഹതാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ആദ്യഘട്ടത്തില്‍ പകുതി നിര്‍മാണത്തിലിരുന്ന 21 വീടുകള്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട 166 വീടുകളില്‍ 104 എണ്ണം പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുകയുമാണ്.
കണ്ണാടി പഞ്ചായത്തിലെ മരുവപ്പാടത്തുള്ള ബീന സുനില്‍, കുമ്പളത്തറയിലുള്ള രമ്യ, പന്നിക്കോട്ടുള്ള ഓമന, മണികണ്ഠന്‍, ആനപ്പുറംകാട്ടിലെ സുപ്രിയ, ശിവദാസന്‍ തുടങ്ങി വീടെന്നത് ഒരു സ്വപ്നം മാത്രമായിരുന്ന നിരവധി പേര്‍ക്കാണ് ലൈഫ് മിഷനിലൂടെ പുതുജീവിതം കൈവന്നിരിക്കുന്നത്.