പ്രകൃതിയുടെ ഭാവമാറ്റത്തില്‍ രൂപം മാറിയ മലപ്പുറം ജില്ലയ്ക്ക് കൈത്താങ്ങായി ഹരിതകേരളം പത്തനംതിട്ട ജില്ലാ മിഷനും. ഐ.ടി.ഐ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള നൈപുണ്യ കര്‍മസേനയും കോട്ടയം ഈരാട്ടുപേട്ടയിലെ അരുവിത്തറ ആസ്ഥാനമായിട്ടുളള പ്രഡോമിനോ ഫൗണ്ടേഷനും ചേര്‍ന്ന 15 അംഗ സംഘം പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളുമായി പ്രളയബാധിത ജില്ലയായ മലപ്പുറത്തെത്തി.
വീടുകളിലെ കിണര്‍ ശുചീകരണം, ക്ലോറിനേഷന്‍, ഇലക്ട്രിക്കല്‍, പ്ലമ്പിംഗ് ജോലികള്‍ തുടങ്ങിയ വര്‍ക്കുകള്‍ ചെയ്യുന്നതിനാവശ്യമായിട്ടുള്ള ജനറേറ്റര്‍, പമ്പ് സെറ്റുകള്‍, ലോഷനുകള്‍, ബ്ലീച്ചിംഗ് പൗഡര്‍, ഗംബൂട്ട് തുടങ്ങിയവ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളുമായിട്ടാണ് സംഘം എത്തിയത്.
കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി 50 ലധികം വീടുകളിലെ കിണര്‍ ശുചീകരണം, നൈപുണ്യ കര്‍മസേന അംഗങ്ങളുടെ സഹായത്തോടെ ഇലക്ട്രിക്, പ്ലമ്പിംഗ് വര്‍ക്കുകള്‍ ഉള്‍പ്പെടെ വീടുകളുടെ പൂര്‍ണമായ ശുചീകരണം വരെ നടത്താന്‍ മിഷന് സാധിച്ചു. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ദുരന്തം ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പ്പിച്ച നിലമ്പൂര്‍ താലൂക്കിലെ കവളപ്പാറ, കൈപ്പിനി, പാതാര്‍, പാത്രക്കുണ്ട്, വെള്ളിമുറ്റം, ചെറുവത്തുകുന്ന് എന്നീ പ്രദേശങ്ങളിലാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള സംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കിണറുകളിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് ഒഴിവാക്കിയ ശേഷം വൃത്തിയാക്കി ക്ലോറിനേഷനും നടത്തിയാണ് സംഘം ഓരോ വീടുകളില്‍ നിന്നും മടങ്ങുന്നത്. വാഹനങ്ങള്‍ക്കും മറ്റും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള വിദൂര പ്രദേശങ്ങളില്‍ പോലും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ ജില്ലയില്‍ നിന്ന് പോയ സംഘത്തിന് സാധിച്ചിട്ടുണ്ട്.  ആഴത്തില്‍ ചെളി അടിഞ്ഞതിനാല്‍ കിണര്‍ ശുചീകരണം കൂടുതല്‍ സമയമെടുത്താണ് ചെയ്യാന്‍ സാധിച്ചത്.
ഒരു ജന്മം മുഴുവന്‍ സമ്പാദിച്ചത് ഒരു രാത്രി കൊണ്ട് നഷ്ടപ്പെട്ടുപോയവര്‍, ജനിച്ച മണ്ണിലെ അഭയാര്‍ത്ഥികള്‍ അങ്ങനെ കരളലിയിപ്പിക്കുന്ന മുഖങ്ങളാണ് ചുറ്റിനുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പറയുന്നു.
തങ്ങള്‍ക്ക് നഷ്ടമായ ഉറ്റവരുടെ ജീവന്‍ ഇനി തിരിച്ച് കിട്ടില്ല എങ്കിലും നഷ്ടമായ മണ്ണും വീടുകളും പഴയ പോലെ തിരിച്ച് ലഭിക്കും എന്ന പ്രതീക്ഷയില്‍  ശുചീകരണ പ്രവര്‍ത്തന സംഘത്തിനാവശ്യമായ വെള്ളവും ഭക്ഷണവും എല്ലാമൊരുക്കി പ്രദേശവാസികള്‍ കൂടെ തന്നെയുണ്ട്. ഹരിതേകരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ഐ.ടി.ഐ ഇന്‍സ്ട്രക്ടര്‍ ജെറിന്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ ജോഷി ജോസഫ്, ഷിജു.എം.സാംസണ്‍, അഞ്ച് അംഗ ഐ.ടി.ഐ വിദ്യാര്‍ഥി സംഘം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.