സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പെടെ നടക്കുന്ന അഴിമതികള്‍ മുന്‍കൂട്ടി കണ്ടെത്തി തടയാന്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിഭാഗത്തിന് സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ണൂര്‍ യൂണിറ്റിനായി താവക്കരയില്‍ നിര്‍മിച്ച പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകള്‍ നല്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് വിഭാഗം നിലവില്‍ കുറ്റവാളികളെ പിടികൂടുന്നത്. എന്നാല്‍ ആഅപൂര്വം ആളുകള്‍ മാത്രമാണ് ഇങ്ങനെ പരാതിപ്പെടുന്നത്. ഇത്തരം അഴിമതികള്‍ നടക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അവയ്ക്ക് തടയിടാന്‍ സംവിധാനം ഒരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് അവകാശപ്പെട്ടതാണെങ്കിലും ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നും അഴിമതി തുടച്ചുമാറ്റപ്പെട്ടു എന്ന് ഇതിനര്‍ഥമില്ല. വില്ലേജ് തലം മുതല്‍ സെക്രട്ടേറിയറ്റ് വരെ ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്ക്കായെത്തുന്നവരെ ബുദ്ധിമുട്ടിക്കുന്ന ആളുകള്‍ ഇപ്പോഴുമുണ്ട്.
അഴിമതിയുടെ രുചിയറിഞ്ഞവര്‍ അത് അത്ര പെട്ടെന്ന് അവസാനിപ്പിച്ചുവെന്ന് വരില്ല. ചില വിരുതന്മാര് ഇതിനായി പുതിയ പുതിയ രീതികള്‍ അവലംബിക്കുകയാണ്. ഇവ കണ്ടെത്താനുള്ള വൈദഗ്ധ്യം വിജിലന്സിനുണ്ടാവണം. ഓഫീസ് സമയങ്ങളില്‍ ജീവനക്കാര്‍ ഓഫീസില്‍ ഇല്ലാതിരിക്കുന്നത് ഉള്‍പ്പെടെ എല്ലാവിധ അഴിമതികളും കണ്ടെത്തി നടപടിയെടുക്കാന്‍ സംവിധാനം വേണം.
അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിലടയ്ക്കപ്പെടുന്ന അവസ്ഥ കേരളത്തിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്കെതിരായ അന്വേഷണങ്ങളിലോ കുറ്റാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളിലോ തലയിടാന്‍ കേരളത്തില്‍ ഒരു ശക്തിക്കും കഴിയില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അധികാരം അവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ അഴിമതി കാണിച്ചാല്‍ അത് അഴിമതി അല്ലാതാക്കാനും ഇഷ്ടക്കേടുള്ളവരെ ഏതെങ്കിലും രീതിയില്‍ കുടുക്കാനും അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്ന രീതി രാജ്യത്തിന് അപരിചിതമല്ല. എന്നാല്‍ അത്തരമൊരു സാഹചര്യം കേരളത്തിലില്ല. അഴിമതിക്കാര്‍ക്കും കുറ്റക്കാര്ക്കുമെതിരേ നീങ്ങാന്‍ അറച്ചുനില്‍ക്കേണ്ട കാര്യം ഏജന്‍സികള്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, കെ കെ രാഗേഷ് എം പി, ഡിജിപി ലോക്നാഥ് ബെഹ്റ, വിജിലന്‍സ് ഡയരക്ടര്‍ എഡിജിപി അനില്‍ കാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കണ്ണൂര്‍ റേഞ്ച് ഡിഐജി ജി കെ സേതുരാമന്, എസ്പി പ്രതീഷ് കുമാര്‍, വിജിലന്‍സ് ഐജി എച്ച് വെങ്കടേഷ്, വിജിലന്‍സ് വിഭാഗം ഉത്തരമേഖല പോലീസ് സൂപ്രണ്ട് പി സി സജീവന്, എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സൈജ മോള് എന്‍ ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.