അപകട മേഖലകളില്‍ നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കും: മുഖ്യമന്ത്രി 

കണ്ണൂർ: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിയെ ഓര്‍ത്തുകൊണ്ടുള്ള നടപടികളാണ് നാം സ്വീകരിക്കേണ്ടത്. അപകട സ്ഥലങ്ങളില്‍ കെട്ടിടം നിര്‍മ്മിക്കുന്നത് ആപത്ത് വരുത്തും. ഇതേക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. ഇതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം അനുഷ്ഠിച്ച മത്സ്യത്തൊഴിലാളികള്‍, സേനാ വിഭാഗങ്ങള്‍, വകുപ്പുകള്‍, ഏജന്‍സികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ആദരിച്ച് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായധന വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

മനുഷ്യ ജീവനാണ് മറ്റെന്തിനേക്കാളും വിലമതിക്കേണ്ടത്. നിമിഷ നേരം കൊണ്ട് ആളുകള്‍ മണ്ണിനടിയിലാകുന്നത് നിസ്സഹായരായി നമുക്ക് നോക്കി നില്‍ക്കേണ്ടി വരുന്നു. ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളിലും വാസയോഗ്യമല്ലാത്ത ഇടങ്ങളിലും നിര്‍മ്മാണങ്ങള്‍ നടത്തരുത്. അപകട സ്ഥലങ്ങളില്‍ നിന്ന് വീട് മാറ്റി നിര്‍മ്മിക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായം ഉറപ്പാക്കും.

പുതിയ വീട് വെക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ഉണ്ടാകില്ല. തോടുകളുടെ സംരക്ഷണവും പ്രധാനമാണ്. വെള്ളത്തിന്റെ സ്വാഭാവിക വഴികള്‍ അടച്ചത് വെള്ളം കയറുന്നതിനിടയാക്കി. തോടുകളുടെ സംരക്ഷണത്തോടൊപ്പം നേരത്തെ ഉണ്ടായിരുന്ന തോടുകളുടെ പുനരുജ്ജീവനം കൂടി സാധ്യമാകണം. വെള്ളത്തിന് പോകാനുള്ള കൈവഴികള്‍ തുറന്ന് കൊടുക്കേണ്ടതുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രളയത്തെയും നിപ വൈറസിനെയും നാം നേരിട്ട രീതി ദേശീയ- അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. നമ്മുടെ ഒത്തൊരുമയും ഐക്യവുമാണ് ഇതിന് പിന്നില്‍. അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ എല്ലാ തലങ്ങളിലുള്ള സഹായവും നമുക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷം അണക്കെട്ടുകള്‍ പലതും നിറഞ്ഞതിനെ തുടര്‍ന്ന് തുറന്നുവിടേണ്ടി വന്നിരുന്നു.

എന്നാല്‍ ഇത്തവണ അത്തരമൊരു അവസ്ഥയില്ല. എന്നിട്ടും വെള്ളം വലിയ രീതിയില്‍ ഉയര്‍ന്നു. അതിതീവ്രമായ മഴയാണ് സംസ്ഥാനത്തുണ്ടായത്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. രക്ഷാപ്രവര്‍ത്തനത്തിന് ഫലപ്രദമായി നേതൃത്വം കൊടുത്തതിലൂടെ ക്യാമ്പുകളിലേക്ക് ആളുകളെ യഥാസമയം എത്തിക്കാനായി. ഇതില്‍ ചെറുപ്പക്കാരുടെ പങ്കാളിത്തം ശ്രദ്ധേയമാണ്.

ആപത്ഘട്ടത്തില്‍ നമ്മുടെ യുവത സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. അതോടൊപ്പം മത്സ്യത്തൊഴിലാളികളും അഗ്നിശമന സേന, പൊലീസ്, കേന്ദ്രസേന, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കും വലുതാണ്. മികവാര്‍ന്ന സേവനത്തിന് എല്ലാവരോടും കേരളത്തിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. ആര്‍ക്കും ഒരുകാലത്തും മറക്കാന്‍ പറ്റാത്ത സേവനമാണ് അവര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനോടൊപ്പം പുനരധിവാസത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. പ്രളയ വേളയില്‍ വീടുകള്‍, കടകള്‍, കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി ഉപയോഗ ശൂന്യമായി. പ്രളയാനന്തരം കിണറുകള്‍ പലതും നിറഞ്ഞു കവിയുകയും മലിനജലം കലരുകയും ചെയ്തിട്ടുണ്ട്. ഇത്തരം കിണറുകള്‍ ശുദ്ധീകരിക്കുന്നതിന് സമയം വേണ്ടിവരും.

ചിലയിടങ്ങളില്‍ കിണറിലെ മുഴുവന്‍ വെള്ളവും വറ്റിക്കേണ്ട അവസ്ഥയുണ്ട്. ഇവിടങ്ങളില്‍ ശുദ്ധജല വിതരണം ഉറപ്പാക്കും. കുളങ്ങള്‍ക്കും സമാന അവസ്ഥയാണുള്ളത്. നവീകരണം നടത്തിയ കുളങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ താമസിച്ചവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കുന്നതുവരെ താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

അതത് ജില്ലാ കലക്ടര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. ക്യാമ്പുകളില്‍ നിന്ന് വീടുകളില്‍ തിരിച്ചെത്തുമ്പോള്‍ താല്‍ക്കാലിക ആശ്വാസമെന്നോണം 10000 രൂപ സഹായധനം സര്‍ക്കാര്‍ നല്‍കും. സപ്തംബര്‍ ഏഴിനകം മുഴുവനാളുകള്‍ക്കും തുക ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും.

ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂള്‍ ബാഗ് വിതരണം ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, കെ കെ രാഗേഷ് എംപി, എംഎല്‍എമാരായ സി കൃഷ്ണന്‍, ജെയിംസ് മാത്യു, ടി വി രാജേഷ്,  എ എന്‍ ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, സബ്കലക്ടര്‍ ആസിഫ് കെ യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ,  എഡിഎം ഇ പി മേഴ്‌സി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വകുപ്പുകളെയും വിവിധ സേനാ വിഭാഗങ്ങള്‍, മത്സ്യതൊഴിലാളികള്‍, വീ ആര്‍ റെഡി ടീം, ഡൈവേഴ്‌സ് യൂനിയന്‍, കയാക്കിംഗ് ടീം, കമ്മ്യൂണിറ്റി റസ്‌ക്യു ടീം എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ സ്തുത്യര്‍ഹമായ നിലയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകരെയാണ് ചടങ്ങില്‍ ആദരിച്ചത്.   വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ വളപട്ടണം സ്വദേശി മെഹനാസിനെയും ചടങ്ങില്‍ ആദരിച്ചു.